സപ്ലൈകോ വിവിധ ഒഴിവുകളിലേക്ക് സ്ഥിര ജോലിക്കാരെ ക്ഷണിച്ചിരിക്കുന്നു എന്നാണ് യൂട്യൂബില്‍ 'ഓള്‍ കേരള ജോബ്‌സ്' എന്ന ചാനല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്
തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഭാഗമായ സപ്ലൈകോ വിവിധ ഒഴിവുകളിലേക്ക് സ്ഥിര ജോലിക്കാരെ ക്ഷണിച്ചിരിക്കുന്നു എന്ന അവകാശവാദത്തോടെ യൂട്യൂബില്‍ ഒരു വീഡിയോ കാണാം. എന്താണ് ഈ വീഡിയോയുടെ വസ്‌തുത? സപ്ലൈകോ ഇത്തരത്തില്‍ വിവിധ ഒഴിവുകളിലേക്ക് സ്ഥിര നിയമനം ഇപ്പോള്‍ നടത്തുന്നുണ്ടോ? പ്രചാരണവും വസ്‌തുതയും പരിശോധിക്കാം.
പ്രചാരണം
'ഓള്‍ കേരള ജോബ്‌സ്' എന്ന യൂട്യൂബ് ചാനലിലാണ് ജൂലൈ ഏഴിന് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 'സപ്ലൈകോയില്‍ പുതിയ ജോലി, നല്ല ശമ്പളം, നേരിട്ട് നിയമനം'- എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്. 14 ജില്ലകളിലും ഒഴിവുകളുണ്ടെന്നും, യോഗ്യത ഏഴാം ക്ലാസ് മുതലാണെന്നും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരമുണ്ടെന്നും, 45,000 രൂപ വരെ ശമ്പളം ലഭിക്കുമെന്നും വീഡിയോയില്‍ വിവരിക്കുന്നു. സപ്ലൈക്കോയില്‍ ഒഴിവുള്ള സ്ഥിര ജോലികള്‍ എന്ന അവകാശവാദത്തോടെ ഒരു പട്ടിക തന്നെ ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

വസ്‌തുതാ പരിശോധന
ഇത്തരത്തില്‍ സപ്ലൈകോ ഇപ്പോള്‍ ഒഴിവുകള്‍ പരസ്യം ചെയ്തിട്ടുണ്ടോയെന്നും ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ സപ്ലൈകോയുടെ വെബ്‌സൈറ്റും ഔദ്യോഗിക ഫേസ്ബുക്ക് പേജും പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. ഈ പരിശോധനയില്‍ സപ്ലൈകോ എഫ്‌ബി പേജില്‍ ജൂലൈ എട്ടിന് പോസ്റ്റ് ചെയ്ത ഒരു വിശദീകരണം കാണാനായി. അതിലെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. സപ്ലൈകോയില്‍ 45,000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകള്‍ എന്ന വീഡിയോയുടെ വസ്‌തുത ഈ പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. 'ഓള്‍ കേരള ജോബ്‌സ്' എന്ന യൂട്യൂബ് ചാനലിലെ വീഡിയോയുടെ തംബ് സഹിതമാണ്, വ്യാജമാണെന്ന മുന്നറിയിപ്പോടെ സപ്ലൈകോയുടെ എഫ്‌ബി പോസ്റ്റ്.
സപ്ലൈകോയുടെ ഫേസ്ബുക്ക് പോസ്റ്റ്
'*സപ്ലൈകോയിൽ ജോലി; വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്*
സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു.
സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.
വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി.
www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഫേസ്ബുക്ക് പേജ്-https://www.facebook.com/Supplycoofficial ഫോൺ 04842205165'.
നിഗമനം
സപ്ലൈകോയില്‍ പുതിയ ജോലി, നല്ല ശമ്പളം, നേരിട്ട് നിയമനം- എന്ന അവകാശവാദത്തോടെയുള്ള യൂട്യൂബ് വീഡിയോ വ്യാജമാണ്. 'ഓള്‍ കേരള ജോബ്‌സ്' എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലെ വിവരങ്ങള്‍ തെറ്റാണെന്ന് സപ്ലൈകോ അറിയിച്ചു.



