യുദ്ധകാലത്തെ സംഭാവനകള്‍ക്ക് രാജ്യം സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണ് സർവോത്തം യുദ്ധ സേവാ മെഡൽ
ദില്ലി: പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിലെ മഹനീയ സംഭാവനകള്‍ക്ക് നാല് മുതിര്‍ന്ന ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് ‘സർവോത്തം യുദ്ധ സേവാ മെഡൽ’ (SYSM) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനാ അംഗത്തിന് ഇതാദ്യമായാണ് യുദ്ധകാലത്തെ സംഭാവനകള്‍ക്കുള്ള സർവോത്തം യുദ്ധ സേവാ മെഡൽ ലഭിക്കുന്നത് എന്ന പ്രചാരണം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമാണ്. ഈ അവകാശവാദത്തിന്‍റെ വസ്‌തുത ഏഷ്യാനെറ്റ് ന്യൂസബിള്‍ പുറത്തുകൊണ്ടുവന്നു.
എയര്‍ മാര്‍ഷല്‍ വിനോദ് പാട്‌നെ
യുദ്ധകാലത്തെ സംഭാവനകള്‍ക്ക് രാജ്യം സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണ് സർവോത്തം യുദ്ധ സേവാ മെഡൽ. സംഘര്‍ഷ മേഖലയിലെ ഏറ്റവും മികച്ച സേവനത്തിനാണ് സർവോത്തം യുദ്ധ സേവാ മെഡൽ നല്‍കുന്നത്. സമാധാനകാലത്ത് നൽകുന്ന പരം വിശിഷ്‌ട സേവാ മെഡലിന് (PVSM) തുല്യമാണ് സർവോത്തം യുദ്ധ സേവാ മെഡൽ. എന്നാല്‍ പരം വീര ചക്രം അല്ലെങ്കിൽ വീര ചക്രം പോലുള്ള ധീരതയ്ക്കുള്ള അവാർഡുകളിൽ നിന്ന് അല്‍പം വ്യത്യസ്‌തമാണ് സർവോത്തം യുദ്ധ സേവാ മെഡൽ. യുദ്ധകാലത്തെ വിശിഷ്‌ട നേതൃത്വവും സേവനവും പരിഗണിച്ചാണ് സർവോത്തം യുദ്ധ സേവാ മെഡൽ രാജ്യം സൈനികര്‍ക്ക് നല്‍കുന്നത്.
കാര്‍ഗില്‍ യുദ്ധകാലത്തെ നേതൃപരമായ സംഭാവനകള്‍ പരിഗണിച്ച് രണ്ട് പതിറ്റാണ്ട് മുമ്പ് ഒരു ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് സർവോത്തം യുദ്ധ സേവാ മെഡൽ നല്‍കി രാജ്യം ആദരിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. 1999-ലെ കാര്‍ഗില്‍ യുദ്ധകാലത്തെ (ഓപ്പറേഷന്‍ വിജയ്) സംഭാവനകള്‍ക്ക് 2000 ഏപ്രില്‍ ആറിന് സർവോത്തം യുദ്ധ സേവാ മെഡൽ ലഭിച്ച എയര്‍ മാര്‍ഷല്‍ വിനോദ് പാട്‌നെ ആയിരുന്നു ഇത്.
ഓപ്പറേഷന്‍ സിന്ദൂര്‍
2025 മെയ് ഏഴിന് പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍ സർവോത്തം യുദ്ധ സേവാ മെഡലിനെ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലെ നേതൃപരമായ സംഭാവനകള്‍ക്ക് നാല് മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് സർവോത്തം യുദ്ധ സേവാ മെഡൽ നല്‍കുന്നതായി കേന്ദ്ര സര്‍ക്കാര്‍ 79-ാം സ്വാതന്ത്ര്യദിനത്തിന്‍റെ തലേദിവസം പ്രഖ്യാപിക്കുകയായിരുന്നു. 2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 ജീവനുകളെടുത്ത തീവ്രവാദി ആക്രമണത്തിനുള്ള മറുപടിയായാണ് പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ കടുത്ത വ്യോമാക്രമണത്തില്‍ ജെയ്‌ഷെ-മുഹമ്മദ്, ലഷ്‌കറെ തൊയ്‌ബ, ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളില്‍പ്പെട്ട 100-ലേറെ പാക് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം പാക് സൈന്യം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സേനകള്‍ എല്ലാ പ്രത്യാക്രമണവും നിര്‍വീര്യമാക്കിയിരുന്നു.
ഈ വര്‍ഷത്തെ സർവോത്തം യുദ്ധ സേവാ മെഡൽ വിജയികള്‍
1. എയര്‍ മാര്‍ഷല്‍ എ.കെ ഭാരതി
2. എയര്‍ മാര്‍ഷല്‍ നാഗേഷ് കപൂര്‍
3. എയര്‍ മാര്‍ഷല്‍ നർനദേശ്വർ തിവാരി
4. എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്ര
ഈ വര്‍ഷം സർവോത്തം യുദ്ധ സേവാ മെഡല്‍ നല്‍കി രാജ്യം ആദരിച്ചവരില്‍ ഈ വ്യോമസേനാ ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉള്ളത്. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ പ്രതീക് ശര്‍മ്മയും, മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി ലഫ്റ്റനന്‍റ് ജനറല്‍ രാജീവ് ഘായ്‌യും മെഡലിന് അര്‍ഹരായി. രണ്ടാഴ്‌ച മുമ്പ് വിരമിച്ച പശ്ചിമ നാവിക കമാൻഡർ വൈസ് അഡ്മിറൽ സഞ്ജയ് ജെ സിംഗും സർവോത്തം യുദ്ധ സേവാ മെഡലിന് ഇക്കുറി അര്‍ഹനായിട്ടുണ്ട്.

