കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്‌ടമായിരുന്നു. ഇതിന് പിന്നാലെയാണ് കൊടിമരം ജെസിബി ഉപയോഗിച്ച് തകര്‍ത്തത് എന്നാണ് പ്രചാരണം.
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി 2025 സെപ്റ്റംബര്‍ 27-ാം തീയതി സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കും തിരക്കും നിരവധി പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയുടെ കൊടിമരം ജെസിബി ഉപയോഗിച്ച് പിഴുതെറിഞ്ഞോ തമിഴ് മക്കള്‍. തമിഴ്‌നാട്ടുകാര്‍ പണി തുടങ്ങി എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന 18 സെക്കന്‍ഡ് വീഡിയോയുടെ വസ്‌തുത എന്താണ്? ഫാക്‌ട് ചെക്കില്‍ വിശദമായി പരിശോധിക്കാം.
പ്രചാരണം
'ഹീറോ വെറും സീറോ ആണെന്ന് തമിഴ് ജനത്തിന് മനസ്സിലായോ.....?? തമിഴ് മക്കൾ സ്നേഹിച്ചാൽ നക്കികൊല്ലും. ഇടഞ്ഞു കഴിഞ്ഞാൽ JCB കൊണ്ട് കൊല്ലും'- എന്ന് മലയാളത്തിലുള്ള കുറിപ്പോടെയാണ് 18 സെക്കന്‍ഡ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ കൊടിമരം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൊടിമരത്തില്‍ വിജയ്‌യുടെ വലിയ ചിത്രവും കാണാം.

വസ്‌തുതാ പരിശോധന
കരൂര്‍ റാലിയിലെ സംഭവത്തിന് ശേഷമാണോ തമിഴക വെട്രി കഴകത്തിന്‍റെ കൊടിമരം ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റിയത് എന്ന് വിശദമായി പരിശോധിച്ചു. ഇതിന്‍റെ ഭാഗമായി വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് ഈ പരിശോധനയില്‍ ബോധ്യപ്പെട്ടു. 2025 ജൂണ്‍ 26ന് എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് തെളിയിക്കുന്നു. ജൂണ്‍ മാസത്തെ ട്വീറ്റും സ്ക്രീന്‍ഷോട്ടും ചുവടെ കാണാം. ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന അതേ വീഡിയോയിലെ പശ്ചാത്തലവും സംഭവവികാസങ്ങളുമാണ് ജൂണിലെ ട്വീറ്റിനൊപ്പമുള്ള ചിത്രങ്ങളില്‍ കാണുന്നത്. കരൂരില്‍ നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്‌ടമാകാനിടയാക്കിയ സംഭവങ്ങളുമായി കൊടിമരം നീക്കംചെയ്യുന്ന വീഡിയോയ്‌ക്ക് ബന്ധമില്ലെന്ന് ഇതോടെ ഉറപ്പായി.

നിഗമനം
മനുഷ്യ ദുരന്തമായി മാറിയ കരൂര്‍ റാലിക്ക് പിന്നാലെ തമിഴ് നടന്‍ വിജയ്‌യുടെ ടിവികെ പാര്‍ട്ടിയുടെ കൊടിമരം ജെസിബി ഉപയോഗിച്ച് തകര്‍ത്തു എന്ന തരത്തില്‍ നടക്കുന്ന വീഡിയോ പ്രചാരണം വ്യാജമാണ്. 2025 ജൂണ്‍ മാസം നടന്ന മറ്റൊരു സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.



