ഇസ്രയേലിന്‍റെ വൈറ്റ് ഫോസ്ഫറസ് ബോംബ് ആക്രമണത്തില്‍ മുഖത്തിന് സാരമായി പൊള്ളലേറ്റ സ്ത്രീയുടെ ദൃശ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്

ഗാസയില്‍ ഇസ്രയേല്‍ അത്യന്തം അപകടകാരിയായ വൈറ്റ് ഫോസ്‌ഫറസ് ബോംബ് ഉപയോഗിച്ചതായുള്ള ആരോപണം വലിയ ചര്‍ച്ചയായിരുന്നു. ഇസ്രയേലിന്‍റെ വൈറ്റ് ഫോസ്ഫറസ് ബോംബിംഗിനെ കുറിച്ച് തെളിവുകള്‍ വിവിധ കോണുകളില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇതില്‍ ഇസ്രയേല്‍ പ്രതിരോധത്തിലാണെന്നിരിക്കോ ഒരു വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ഇസ്രയേലിന്‍റെ വൈറ്റ് ഫോസ്ഫറസ് ബോംബ് ആക്രമണത്തില്‍ മുഖത്തിന് സാരമായി പൊള്ളലേറ്റ സ്ത്രീയുടെ ദൃശ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.

പ്രചാരണം

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എക്‌സിലും (പഴയ ട്വിറ്റര്‍) റീലുകളായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താഹിര്‍ ജമീര്‍ എന്ന വ്യക്തി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു കുറിപ്പോടെയാണ്. 'ഇതാണ് വൈറ്റ് ഫോസ്ഫറസ് ബോംബ്. ഇസ്രയേല്‍ മാസങ്ങളായി ഈ നിരോധിത ബോംബ് ഗാസയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയിലെ വംശഹത്യം ലോകം കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ ഈ പെണ്‍കുട്ടി പൊള്ളലുകള്‍ ജീവിതത്തിലുടനീളം അനുഭവിച്ചുകൊണ്ടിരിക്കണം'- എന്നാണ് വീഡിയോയുടെ തലക്കെട്ട്. 

വസ്‌തുതാ പരിശോധന

വീഡിയോയില്‍ കാണുന്നത് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വൈറ്റ് ഫോസ്‌ഫറസ് ബോംബ് ആക്രമണത്തില്‍ മുഖത്തിന് സാരമായി പരിക്കേറ്റ സ്ത്രീയാണോ എന്നറിയാന്‍ പരിശോധനകള്‍ നടത്തി. വീഡിയോ സൂക്ഷ്‌മമായി പരിശോധിച്ചപ്പോള്‍ @airisputr8 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്‍റെ വാട്ടര്‍മാര്‍ക്ക് കാണാനായി. ഈ ഇന്‍സ്റ്റ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വീഡിയോയുടെ ഒറിജിനല്‍ ലഭ്യമായി. ഇസ്രയേലിന്‍റെ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരാള്‍ വ്യത്യസ്തമായി കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. 

ഈ സ്ത്രീ പലസ്തീനി അല്ലായെന്നും മൊറോക്കോക്കാരി ആണെന്നുമാണ് ഈ കമന്‍റ്. Xeroderma Pigmentosum എന്ന അപൂര്‍വ രോഗം കൊണ്ട് സംഭവിച്ച പൊള്ളലും പാടുകളുമാണ് മുഖത്ത് കാണുന്നത്, മൊറോക്കോയിലെ ആളുകള്‍ക്കായുള്ള ഒരു ജീവകാരുണ്യ സംഘടനയായ Moon Voiceന്‍റെ ചിഹ്നം വീഡിയോയുടെ മുകളിലായി ഇടത് ഭാത്ത് കാണാം എന്നും ഈ കമന്‍റില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മൂണ്‍ വോയിസിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വീഡിയോ 2024 ഫെബ്രുവരി 5ന് അവര്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ് എന്ന് മനസിലാക്കാനായി. സമാന രോഗാവസ്ഥയുള്ള മറ്റ് കുട്ടികളുടെ വീഡിയോകളും ഈ ഇന്‍സ്റ്റ അക്കൗണ്ടില്‍ കാണാം. 

നിഗമനം

ഗാസയില്‍ ഇസ്രയേല്‍ പ്രയോഗിച്ച വൈറ്റ് ഫോസ്ഫറസ് ബോംബില്‍ പരിക്കേറ്റ സ്ത്രീയുടെ വീഡിയോ എന്ന പേരിലുള്ള ദൃശ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മൊറോക്കോയില്‍ നിന്നുള്ള വീഡിയാണിത്. 

Read more: കെ സുധാകരന്‍റെ അസഭ്യ പ്രയോഗം; കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ശശി തരൂര്‍ വിമര്‍ശിച്ചോ? സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം