ഒരു പാലത്തിന് താഴെക്കൂടി പോകുന്ന ട്രെയിന്‍ വെള്ളപ്പൊക്കത്തില്‍ ഏതാണ്ട് പൂര്‍ണമായും മുങ്ങിപ്പോയതാണ് വീഡിയോയില്‍ കാണുന്നത്
,തിരുവനന്തപുരം: ഉത്തരേന്ത്യയിലെ പലയിടങ്ങളിലും മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അടുത്തിടെയുണ്ടായിരുന്നു. ഹിമാചല്‍പ്രദേശിലും ജമ്മുവിലും പഞ്ചാബിലും ഒഡിഷയിലുമെല്ലാം അതിശക്തമായ മഴ കനത്ത നാശം വിതച്ചു. ഏറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ ഒരു വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ ട്രെയിനിന്‍റെ ദൃശ്യങ്ങളാണിത്. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.
പ്രചാരണം
വലിയൊരു നദിക്ക് കുറുകെയുള്ള പാലം. അതിന് അടിയിലൂടെ പോകുന്ന ട്രെയിന്‍ വെള്ളപ്പൊക്കത്തില്‍ ഏതാണ്ട് പൂര്‍ണമായും മുങ്ങിപ്പോയിരിക്കുന്നു. നിരവധിയാളുകള്‍ ഇത് നോക്കി നില്‍ക്കുന്നു. ഇത്രയുമാണ് എക്‌സ് ഉള്‍പ്പടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയിലുള്ളത്. ആയിരക്കണക്കിന് കാഴ്‌ചക്കാര്‍ ഈ വീഡിയോയ്‌ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു.

വസ്‌തുത
വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ മുങ്ങിപ്പോയതായുള്ള വീഡിയോ പ്രചാരണം വാസ്‌തവവിരുദ്ധമാണ്. ഇങ്ങനെയൊരു സംഭവമേയില്ല എന്നതാണ് ഒരു യാഥാര്‍ഥ്യം. ട്രെയിന്‍ പൂര്‍ണമായും മുങ്ങിപ്പോയ സംഭവമുണ്ടായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയാവുമായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് എന്നതാണ് മറ്റൊരു വസ്‌തുത.
വൈറല്‍ വീഡിയോ യഥാര്‍ഥ സംഭവത്തിന്‍റേത് അല്ലെന്നും എഐ നിര്‍മ്മിതമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് അനാവശ്യ ഭീതി സൃഷ്‌ടിക്കുമെന്നും, എപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ വെരിഫൈ ചെയ്യണമെന്നും പിഐബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.



