Asianet News MalayalamAsianet News Malayalam

Coronavirus Fact Check 2021 : കൊവിഡ് വ്യാജ പ്രചാരണങ്ങളുടെ തീവ്രവ്യാപനമുണ്ടായ വര്‍ഷം; വിശ്വസിച്ചോ ഈ നുണകള്‍?

ഏറ്റവുമൊടുവില്‍ ഒമിക്രോണ്‍ വകഭേദത്തെയും പിടികൂടിയിരിക്കുകയാണ് കൊവിഡ് കാല നുണക്കഥകളുടെ തീവ്ര വ്യാപനം

from Covid vaccine to Omicron These are the 10 false claims on Coronavirus viral in 2021
Author
Thiruvananthapuram, First Published Dec 22, 2021, 3:01 PM IST

തിരുവനന്തപുരം: ഇഞ്ചിനീര്, നാരങ്ങനീര്, തേന്‍, മഞ്ഞളിട്ട വെള്ളം...ലോകത്ത് കൊവിഡ് വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊറോണ വൈറസിനെ തുരത്താനുള്ള ചികില്‍സയും പ്രതിവിധികളും ഒറ്റമൂലികളുമായി കളംനിറഞ്ഞിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍. 2021 ആയപ്പോഴും ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ല. കൊവിഡിന് ഓരോ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചപ്പോഴും അതിനൊത്ത വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിയാളുകള്‍ അടിച്ചിറക്കി, വ്യാപകമായി ഷെയര്‍ ചെയ്‌തു. ഏറ്റവുമൊടുവില്‍ ഒമിക്രോണ്‍ വകഭേദത്തെയും പിടികൂടിയിരിക്കുകയാണ് കൊവിഡ് കാല നുണക്കഥകളുടെ തീവ്ര വ്യാപനം. 2021ല്‍ കൊറോണയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായ 10 വ്യാജ പ്രചാരണങ്ങള്‍ നോക്കാം. 

1. വാക്‌സീനെടുക്കുന്നവര്‍ക്ക് ചിക്കന്‍ കഴിക്കാനാവില്ല? 

പ്രചാരണം

വിചിത്രമെന്ന് തോന്നുമെങ്കിലും കേരളത്തില്‍ നിരവധിയാളുകള്‍ കേട്ടപാടേ വിശ്വസിച്ച പ്രചാരണമാണിത്. 'വാക്‌സിനെടുക്കുന്നവര്‍ ഒരാഴ്‌ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ല. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്' എന്നായിരുന്നു ശബ്‌ദസന്ദേശത്തില്‍ പറയുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്‌ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്‌ദസന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്‌ദസന്ദേശം തുടങ്ങുന്നത്. 

വസ്‌തുത

വാക്‌സീനെടുക്കുന്നവര്‍ ചിക്കന്‍ കഴിക്കുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല എന്നതാണ് സത്യം. വൈറലായ ശബ്‌ദസന്ദേശം തെറ്റാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുകയും ചെയ്‌തു. 

2. കൊവാക്‌സിനില്‍ പശുക്കിടാവിന്‍റെ സിറം?

പ്രചാരണം

കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യന്‍ നിര്‍മ്മിത വാക്‌സീനായ കൊവാക്‌സിനില്‍ പശുക്കിടാവിന്‍റെ സിറം അടങ്ങിയിരിക്കുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഈ സന്ദേശം ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നതോടെ സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യന്‍ വാക്‌സീനെ ചൊല്ലിയുള്ള ഈ പ്രചാരണം നിരവധി പേരെ ആശയക്കുഴപ്പത്തിലാക്കി എന്നത് യാഥാര്‍ഥ്യം. 

വസ്‌തുത

പശുക്കിടാവിന്‍റെ സിറം വെറോ സെല്ലുകള്‍ തയ്യാറാക്കുന്നതിനും വളര്‍ച്ചയ്‌ക്കും മാത്രമാണ് ഉപയോഗിക്കുന്നത്. വിവിധ മൃഗങ്ങളുടെ സിറം വെറോ സെല്ലുകള്‍ വികസിപ്പിക്കുന്നതിനുള്ള ഘടകമായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നുണ്ട്. വാക്സീനുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന സെൽ ലൈഫ് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന മാധ്യമമാണ് വെറോ സെല്ലുകള്‍. പോളിയോ, പേവിഷബാധ, പകര്‍ച്ചപ്പനി വാക്‌സീനുകളില്‍ ഈ സാങ്കേതിക വിദ്യ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. 

വളര്‍ച്ചയെത്തിയ വെറോ സെല്ലുകള്‍ വെള്ളവും രാസപദാര്‍ഥങ്ങളും ഉപയോഗിച്ച് പലവട്ടം കഴുകി പശുക്കിടാക്കളുടെ സിറത്തില്‍ നിന്ന് മുക്തമാക്കുന്നു. ഇതിന് ശേഷം വൈറല്‍ വളര്‍ച്ചക്കായി കൊറോണ വൈറസുമായി കലര്‍ത്തുന്നു. 

വൈറൽ വളർച്ചയുടെ പ്രക്രിയയിൽ വെറോ സെല്ലുകൾ പൂർണ്ണമായും നശിപ്പിക്കുന്നു. അതിനുശേഷം വളര്‍ച്ചയെത്തിയ വൈറസിനെയും നശിപ്പിക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്യും. ഇങ്ങനെ നിര്‍ജ്ജീവമായ വൈറസ് അന്തിമ വാക്സീൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നു, ഈ വാക്‌സീനില്‍ പശുക്കിടാവിന്‍റെ സിറം അടങ്ങിയിട്ടുണ്ടാവില്ല. അതായത്, വാക്‌സീന്‍റെ അവസാന കൂട്ടില്‍(കൊവാക്‌സിന്‍) പശുക്കിടാക്കളുടെ സിറം ഒരു ഘടകമല്ല. 

3. കൊവിഡ് പ്രതിരോധത്തിന് സസ്യാഹാരം? 

പ്രചാരണം

കൊവിഡിനെ ചെറുക്കാന്‍ ഐസിഎംആര്‍ പുറത്തിറക്കിയത് എന്ന പേരില്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ഒരു പട്ടിക വൈറലായിരുന്നു. 

രണ്ട് വര്‍ഷത്തേക്ക് വിദേശ യാത്ര നീട്ടിവയ്‌ക്കുക
ഒരു വര്‍ഷത്തേക്ക് വീടിന് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത്
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് അനാവശ്യമായി പോകരുത്
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക
തിരക്കുള്ള ഇടങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും പോകാതിരിക്കുക 
സാമൂഹ്യഅകല ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുക
കഫക്കെട്ടുള്ളവരില്‍ നിന്ന് അകലം പാലിക്കുക
മാസ്‌ക് ധരിക്കുക
ഒരാഴ്‌ചത്തേക്ക് അതീവ ജാഗ്രത പാലിക്കുക
സസ്യാഹാരത്തിന് പ്രധാന്യം നല്‍കുക

നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കൈമാറാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം അവസാനിക്കുന്നത്. 

വസ്‌തുത

സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളില്‍ ചിലത് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാണെങ്കിലും ഇത്തരമൊരു പട്ടിക ദില്ലി ഐസിഎംആര്‍ പുറത്തിറക്കിയിട്ടില്ല. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ്(പിഐബി ഫാക്ട് ചെക്ക്) ഇക്കാര്യം വ്യക്തമാക്കിയത്. 

4. വാക്‌സീനെടുത്തോ, മൂന്ന് മാസം ഫ്രീ മൊബൈല്‍ റീചാര്‍ജ്ജ്? 

പ്രചാരണം

കൊവിഡ് വാക്‌സിനേഷനിലെ റെക്കോര്‍ഡ് നേട്ടം ആഘോഷിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മൂന്ന് മാസത്തെ മൊബൈല്‍ റീചാര്‍ജ്ജ് സൗജന്യമായി നല്‍കുന്നു എന്ന സന്ദേശം വാട്‌സ്‌ആപ്പിലൂടെയാണ് വ്യാപകമായത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍. വി കണക്ഷനുള്ളവര്‍ക്കാണ് ഓഫര്‍ സൗജന്യമെന്നായിരുന്നു പ്രചാരണം. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓഫര്‍ ലഭ്യമാകും, ഡിസംബര്‍ 20 വരെയാണ് ഈ ഓഫറെന്നും പ്രചാരണം അവകാശപ്പെടുന്നു.

വസ്തുത

വാക്‌സീന്‍ വിതരണത്തിലെ റെക്കോര്‍ഡ് നേട്ടത്തില്‍ ഇത്തരം ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് കബളിപ്പിക്കപ്പെടരുത് എന്ന് കേന്ദ്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജ സന്ദേശങ്ങളെ കരുതലോടെ സമീപിക്കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.

5. കൊവിഡിന് സവിശേഷ ടോണിക്? 

പ്രചാരണം

നേഴ്‌സിന്‍റെ വേഷമണിഞ്ഞ ഒരു സ്‌ത്രീ സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. കൊവിഡ് മാറാന്‍ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങയും ചൂടുവെള്ളവും ചേര്‍ത്ത മിശ്രിതം(ടോണിക്) കഴിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാക്കുകള്‍. താനൊരു നേഴ്‌സാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്‌ത്രീ, എങ്ങനെയാണ് ടോണിക് തയ്യാറാക്കേണ്ടത് എന്ന് വിവരിക്കുന്നുണ്ട്. ഈ ടോണിക് ഉപയോഗിച്ച് നിരവധി പേരെ ചികില്‍സിച്ച് കൊവിഡ് ഭേദമാക്കി എന്നും അവര്‍ അവകാശപ്പെടുന്നു. 

വസ്‌തുത

എന്നാല്‍ വീഡിയോയില്‍ പറയുന്ന രീതിയില്‍ ചികില്‍സിച്ചാല്‍ കൊവിഡ് ഭേദമാകും എന്ന് ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാനാവില്ല. ചൂട്, ചൂടുവെള്ളം, വെളുത്തുള്ളി, ചെറുനാരങ്ങ, ഇഞ്ചി എന്നിവ കൊറോണ വൈറസിനെ കൊല്ലും എന്ന പ്രചാരണങ്ങള്‍ ലോകാരോഗ്യ സംഘടന തന്നെ തള്ളിയതാണ്. കൊവിഡ് ആരംഭിച്ച ആദ്യ ആഴ്‌ചകള്‍ മുതലേ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങയും പ്രതിവിധിയാണ് എന്ന വ്യാജ പ്രചാരണം തകൃതിയായിരുന്നു. 

6. ഒമിക്രോണ്‍ സ്ഥിരീകരിച്ചത് മുന്‍നിശ്ചയിച്ചപ്രകാരം? 

പ്രചാരണം 

കൊറോണക്കാലത്ത് ഏറ്റവുമൊടുവില്‍ വൈറലായ വ്യാജ പ്രചാരണങ്ങളിലൊന്ന്. കൊവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിക്കുന്നത് മുന്‍നിശ്ചയിച്ച പട്ടിക പ്രകാരമോ? ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പട്ടികയാണ് കൊവിഡ് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് കരുത്തേകി വൈറലായത്. വിശ്വാസ്യത കൂട്ടാന്‍ ജോണ്‍സ് ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയുടെയും ലോക ഇക്കണോമിക് ഫോറത്തിന്‍റെയും ലോകാരോഗ്യ സംഘടനയുടേയും ലോഗോ പട്ടികയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. 

വസ്‌തുത

പ്രചരിക്കുന്ന ചാര്‍ട്ട് പ്രകാരമാണെങ്കില്‍ കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം 2021 ജൂണിലായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍ എന്നാല്‍ 2020 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഡെല്‍റ്റ സ്ഥിരീകരിച്ചു. ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്‍റെ കാര്യത്തിലുമുണ്ട് ഈ വസ്‌തുതാപരമായ പിഴവ്. ഒമിക്രോണ്‍ 2022 മെയ് മാസത്തിലാണ് സ്ഥിരീകരിക്കുക എന്നാണ് പട്ടികയില്‍ പറയുന്നത്. എന്നാല്‍ ഒമിക്രോണ്‍ ഇതിനകം വ്യാപകമായിക്കഴിഞ്ഞു. മാത്രമല്ല, കൊവിഡിന്‍റെ വകഭേദങ്ങളെ മുന്‍കൂട്ടി പ്രവചിക്കുക അസാധ്യമാണ് എന്നതും പട്ടിക വ്യാജമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നു. 

7. ഒമിക്രോണ്‍ 1963ല്‍ ഇറങ്ങിയ സിനിമ? 

പ്രചാരണം

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ച് കൂടുതല്‍ ശാസ്‌ത്രീയ വിവരങ്ങള്‍ പുറത്തുവരികയാണ്. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു സിനിമ പോസ്റ്റര്‍ വൈറലായി. 'ദ് ഒമിക്രോണ്‍ വേരിയന്‍റ്' എന്ന പേരില്‍ 1963ല്‍ സിനിമ ഇറങ്ങിയെന്നാണ് പ്രചാരണം. ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെ ഈ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.

വസ്‌തുത

എന്നാല്‍ ദ് ഒമിക്രോണ്‍ വേരിയന്‍റ് എന്ന പേരില്‍ സിനിമകളൊന്നുമില്ല എന്നതാണ് വസ്‌തുത. 1970കളിലെ സൈ-ഫൈ സിനിമകളുടെ ശൈലിയില്‍ ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത്. 1974ല്‍ പുറത്തിറങ്ങിയ ഫേസ് 4 എന്ന സിനിമയുടെ പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന കൃത്രിമ പോസ്റ്ററിന് ആധാരം.

8. മൂക്കിലെ സ്വാബ് നെഗറ്റീവ്, ഒമിക്രോണിന്‍റെ രോഗ ലക്ഷണങ്ങള്‍ ഇങ്ങനെയോ? 

പ്രചാരണം

കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളില്‍ നിന്ന് ഒമിക്രോണിന്‍റെ രോഗ ലക്ഷണങ്ങള്‍ വ്യത്യസ്തമെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു ഈ വാട്‌സ്‌ആപ്പ് സന്ദേശം. 'ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് പനിയും ചുമയും ശരീര വേദനയും കാണില്ല. മൂക്കിലെ സ്വാബ് പലപ്പോഴും കൊവിഡ് നെഗറ്റീവായിരിക്കും' എന്നും സന്ദേശത്തില്‍ പറയുന്നു. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡോക്‌ടറുടെ കുറിപ്പാണ് ഈ സന്ദേശം എന്നാണ് അവകാശവാദം. പതിവുപോലെ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനുള്ള ആവശ്യവും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു.  

വസ്‌തുത

എന്നാല്‍ ഒമിക്രോണ്‍ കണ്ടെത്തുന്നതിന് മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന സന്ദേശമാണിത് എന്നതാണ് ഒരു വസ്‌തുത. ജൂണില്‍ ഡെല്‍റ്റാ വകഭേദം പടര്‍ന്നപ്പോഴും ഈ സന്ദേശം വൈറലായിരുന്നു. കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ എന്നത് മറ്റൊരു സത്യം. ഒമിക്രോണിന്‍റെ തീവ്രതയെയും രോഗവ്യാപനശേഷിയെയും ലക്ഷണങ്ങളേയും കുറിച്ച് ഇപ്പോള്‍ നിഗമനത്തിലെത്തുക അസാധ്യമാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

9. കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ എയ്‌ഡ്‌സ്? 

പ്രചാരണം

കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ അല്‍ഷിമേഴ്‌സ് വരുമെന്ന പ്രചാരണം മുമ്പുണ്ടായിരുന്നു. കെവിഡ് വാക്‌സീന്‍ എയ്‌ഡ്‌സിന് കാരണമാകുന്നു എന്നതാണ് പുതിയ പ്രചാരണം. ദശലക്ഷക്കണക്കിന് ആളുകൾ എയ്‌ഡ്‌സിന് കാരണമാകുന്ന ഒരു പരീക്ഷണ ഉൽപ്പന്നം കുത്തിവയ്ക്കാൻ ഓടുകയാണ് എന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. 

വസ്‌തുത

എന്നാല്‍ കൊവിഡ് വാക്‌സീനെടുക്കുന്നത് എച്ച്ഐവി വൈറസ് ശരീരത്തില്‍ പ്രവേശിപ്പിക്കുന്നില്ല എന്നതാണ് വസ്‌തുത. 

10. കൊവിഡ് വാക്‌സീന്‍,  ആറ് വയസുള്ള കുട്ടി മരണപ്പെട്ടു? 

പ്രചാരണം

കാനഡയില്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച ആറ് വയസുള്ള കുട്ടി മരണപ്പെട്ടു എന്നായിരുന്നു പ്രചാരണം. 'വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ്. ആറ് വയസുകാരന്‍ കൊവിഡ് വാക്‌സീന്‍റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം മരണപ്പെട്ടു'- എന്നായിരുന്നു സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ ഡിസംബര്‍ നാലാം തിയതി പ്രത്യക്ഷപ്പെട്ട പോസ്റ്റ്.

വസ്‌തുത

എന്നാല്‍ കൊവിഡ് വാക്‌സീന്‍ സ്വികരിച്ചതിനെ തുടര്‍ന്ന് കുട്ടി മരണപ്പെട്ടു എന്ന പ്രചാരണം വ്യാജമാണ് എന്നാണ് ഓട്ടവയിലെ ആരോഗ്യവിഭാഗത്തിന്‍റെ പ്രതികരണം. കൊവിഡ് വാക്‌സീന്‍ എടുത്തതിനാല്‍ ഓട്ടവയില്‍ ഒരു കുട്ടി പോലും മരണപ്പെട്ടിട്ടില്ല എന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഈ വ്യാജ പ്രചാരണം തെല്ലൊന്നടങ്ങി.

പട്ടിണിമരണം മുതല്‍ കേരളാ ചുഴലിക്കാറ്റ് വരെ; 2021ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പൊളിച്ച വ്യാജ പ്രചാരണങ്ങള്‍

Follow Us:
Download App:
  • android
  • ios