ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്‍റെ പേരില്‍ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന എസ്എംഎസ് സന്ദേശം വ്യാജം. വിലാസം അപൂര്‍ണമായതിനാല്‍ പാഴ്‌സല്‍ കുടുങ്ങിക്കിടക്കുന്നതായും ഉടന്‍ അഡ്രസ് അപ്‌ഡേറ്റ് ചെയ്യാനും പണമടയ്‌ക്കാനും ആവശ്യപ്പെട്ടുള്ളതാണ് ഈ വ്യാജ എസ്എംഎസ്. 

ദില്ലി: പാഴ്‌സലുകളുമായി ബന്ധപ്പെട്ട് ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ എസ്‌എംഎസ് തട്ടിപ്പ് വ്യാപകം. അഡ്രസ് അപൂര്‍ണമായതിനാല്‍ നിങ്ങള്‍ക്ക് വന്ന പാഴ്‌സല്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ വിലാസം അപ്‌ഡേറ്റ് ചെയ്യാനും സര്‍വീസ് ചാര്‍ജ് അടയ്‌ക്കാനും ആവശ്യപ്പെട്ടാണ് ഒരു ലിങ്ക് സഹിതം എസ്എംഎസ് മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്നത്. എന്നാല്‍ ഈ എസ്എംഎസ് സന്ദേശം പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്‍റ് അയക്കുന്നതല്ലെന്നും, ഇന്ത്യാ പോസ്റ്റിന്‍റെ പേര് ദുരുപയോഗം ചെയ്‌ത് വ്യാജ പ്രചാരണമാണ് നടക്കുന്നത് എന്നതുമാണ് യാഥാര്‍ഥ്യം. ഈ എസ്എംഎസ് ക്യാംപയിനും അതിന്‍റെ വസ്‌തുതയും കൂടുതല്‍ വിശദമായി അറിയാം.

പ്രചാരണം

ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ വിദേശ നമ്പറുകളില്‍ നിന്നാണ് എസ്‌എംഎസ് സന്ദേശം ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പറുകളിലേക്ക് എത്തുന്നത്. ഇന്ത്യാ പോസ്റ്റ് എന്ന് ഈ എസ്എംഎസിന്‍റെ തുടക്കത്തില്‍ എഴുതിയിരിക്കുന്നതായി കാണാം. നിങ്ങള്‍ക്ക് വന്ന പാഴ്‌സല്‍ വിലാസം അപൂര്‍ണമാണ് എന്നതിനാല്‍ നിങ്ങള്‍ക്ക് കൈമാറാനാവുന്നില്ല. നിങ്ങളുടെ പൂര്‍ണ വിലാസം അപ്‌ഡേറ്റ് ചെയ്യുകയും സര്‍വീസ് ഫീ അടയ്‌ക്കുകയും വേണം- എന്നും പറഞ്ഞ് മെസേജിനൊപ്പം ഒരു ലിങ്കും നല്‍കിയിരിക്കുന്നു.

Scroll to load tweet…

വസ്‌തുത

ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ എത്തുന്ന ഈ മെസേജ് വ്യാജമാണെന്നും വമ്പന്‍ സൈബര്‍ തട്ടിപ്പാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു. വിലാസം അപ്‌ഡേറ്റ് ചെയ്യാനോ പണമടയ്‌ക്കാനോ ഇന്ത്യാ പോസ്റ്റ് അധികൃതര്‍ ഒരിക്കലും എസ്എംഎസിലൂടെ ആരോടും ആവശ്യപ്പെടാറില്ല എന്നും പിഐബി അറിയിച്ചു. ഇത്തരം സംശയാസ്‌പദമായ ലിങ്കില്‍ ആരും ക്ലിക്ക് ചെയ്യരുത് എന്ന് പിഐബി ഫാക്‌ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു.

5ജി ടവറുകളുടെ പേരിലും വ്യാജ പ്രചാരണം

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം കഴിഞ്ഞ ദിവസം മറ്റൊരു വ്യാജ സന്ദേശത്തിന്‍റെയും വസ്‌തുത വ്യക്തമാക്കിയിരുന്നു. 5ജി മൊബൈല്‍ ടവര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ഈ വ്യാജ പ്രചാരണം. 'നിങ്ങളുടെ സ്ഥലത്ത്, അല്ലെങ്കില്‍ കെട്ടിടത്തില്‍ 5ജി ടവര്‍ സ്ഥാപിക്കാന്‍ അനുമതിയായി. ടവറും അഡ്വാന്‍സ് തുകയും ലഭിക്കാന്‍ മതിയായ ഡോക്യുമെന്‍റുകള്‍ 48 മണിക്കൂറിനകം സമര്‍പ്പിക്കണം'- എന്നും ആവശ്യപ്പെട്ടായിരുന്നു ഈ അനുമതി കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ കത്ത് വ്യാജമാണ്. ട്രായ് ഒരിക്കലും ഇത്തരം അനുമതി കത്തുകള്‍ പുറത്തിറക്കാറില്ലെന്നും പിഐബി ഫാക്‌ട് ചെക്ക് അറിയിച്ചു.

Scroll to load tweet…

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming