യൂറോ കപ്പ് നടക്കുന്ന സമയമായ 2024 ജൂണ്‍ 17നാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്

യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജര്‍മനിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ യൂറോയിലേത് എന്ന പേരിലൊരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷം ധരിച്ച ഒരാളുടെ ഫോട്ടോയാണിത്. യൂറോ കപ്പ് 2024 വേളയില്‍ പകര്‍ത്തിയ ചിത്രമെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. സത്യമോ ഇത്? പ്രചാരണവും വസ്‌തുതയും നോക്കാം.

പ്രചാരണം

യൂറോ കപ്പ് നടക്കുന്ന സമയമായ 2024 ജൂണ്‍ 17നാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത്തരമൊരു സംഭവം യൂറോ കപ്പിനിടെ മാധ്യമവാര്‍ത്തകളിലൊന്നും കാണാനാവാഞ്ഞത് സംശയം ജനിപ്പിച്ചു. 

അതേസമയം അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷം ധരിച്ച ഒരാളുടെ ചിത്രം ട്വീറ്റ് ചെയ്തതിന് താഴെയായി വായനക്കാര്‍ പശ്ചാത്തലം വിശദീകരിച്ചിരിക്കുന്നതായി കാണാം. ഇതില്‍ പറയുന്നത് 2022 ഒക്ടോബര്‍ 30ന് പകര്‍ത്തിയ ഫോട്ടോയാണിത് എന്നാണ്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷം ധരിച്ച ഒരാളുടെ ചിത്രം അമേരിക്കയില്‍ നടന്ന ഒരു ഹാലോവീന്‍ ആഘോഷത്തില്‍ നിന്നുള്ളതാണ് എന്നാണ് ട്വീറ്റിന് താഴെ എക്‌സ് യൂസര്‍മാര്‍ ചേര്‍ത്തിരിക്കുന്നത്. 

വസ്‌തുതാ പരിശോധന

ചിത്രത്തില്‍ താഴെ എക്‌സ് യൂസര്‍മാര്‍ ചേര്‍ത്തിരിക്കുന്ന വിവരം സത്യമാണോ എന്നറിയാന്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ രണ്ട് വര്‍ഷം മുമ്പ് 2022 ഒക്ടോബര്‍ 30ന് ഫോട്ടോ ട്വീറ്റ് ചെയ്‌തിരുന്നതാണെന്ന് വ്യക്തമായി. അമേരിക്കയിലെ ഹാലോവീന്‍ ആഘോഷത്തില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോയാണിത് എന്ന് ഈ ട്വീറ്റില്‍ കാണാം. ഇതേ വിവരങ്ങള്‍ നല്‍കുന്ന മാധ്യമവാര്‍ത്തകളും കാണാം. സ്ക്രീന്‍ഷോട്ട് ചുവടെ കൊടുക്കുന്നു. 

നിഗമനം

യൂറോ 2024 ടൂര്‍ണമെന്‍റിനിടെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ വേഷം ധരിച്ച ആരാധകന്‍റെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ 2022ലേത് എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. 

Read more: നീറ്റ് പരീക്ഷ ക്രമക്കേടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധമോ ഇത്? വീഡിയോയുടെ വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം