ദില്ലി: കൊവിഡ് സാഹചര്യത്തില്‍ സർവകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ വിദ്യാർഥികളിൽ നിന്ന് അഭിപ്രായം തേടുന്നതായി വ്യാജ പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. സമാനമായി നീറ്റ്(NEET) പരീക്ഷ ഓഗസ്റ്റ് വരെ നീട്ടിവെക്കാന്‍ തീരുമാനിച്ചതായുള്ള സര്‍ക്കുലര്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. എന്താണ് ഈ സര്‍ക്കുലറിന് പിന്നിലെ വസ്‌തുത.

സര്‍ക്കുലറിലെ പ്രചാരണം

'ജൂലൈയില്‍ നടക്കേണ്ട നീറ്റ് പരീക്ഷ കൊവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ നീട്ടിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് അവസാന വാരത്തിലാവും മാറ്റിവച്ച പരീക്ഷ നടക്കുക. എന്നാല്‍ കൃത്യമായ തീയതി സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രമേ അറിയിക്കാനാകൂ. ഇക്കാര്യത്തില്‍ പുതിയ വിവരങ്ങള്‍ യഥാസമയം വിദ്യാര്‍ഥികളെ അറിയിക്കുന്നതാണ്'...എന്നിങ്ങനെ നീളുന്നു നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പേരിലുള്ള സര്‍ക്കുലറിലെ വിവരങ്ങള്‍. ജൂണ്‍ 15ന് പുറത്തിറക്കിയ സര്‍ക്കുലര്‍ എന്നാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. 

വസ്‌തുത

പ്രചരിക്കുന്ന സര്‍ക്കുലര്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയതല്ല എന്നതാണ് വസ്‌തുത. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ലെറ്റര്‍ പാഡില്‍ വ്യാജമായി ആരോ തയ്യാറാക്കിയ സര്‍ക്കുലറാണ് സാമൂഹ്യമാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്നത്. 

Read more: പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് എഐസിറ്റിഇ സര്‍വ്വേ നടത്തുന്നുണ്ടോ ? വസ്തുത ഇതാണ്

വസ്‌തുതാ പരിശോധനാ രീതി

നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി എന്ന പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ ഫാക്‌ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു. പരീക്ഷ മാറ്റിവച്ചതായി ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ഇല്ലെന്ന് പിഐബി ട്വീറ്റ് ചെയ്‌തു. 

 

നിഗമനം

കൊവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റിവച്ചതായുള്ള പ്രചാരണം വ്യാജമാണ്. നീറ്റ് 2020നായി 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. മെയ് മൂന്നിന് നടക്കേണ്ട പരീക്ഷ ജൂലൈ 26ലേക്ക് നേരത്തെ മാറ്റിവച്ചിരുന്നു. അതേസമയം, പരീക്ഷ നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് ഹാഷ്‌ടാഗ് ക്യാംപയിനുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. 

വീഡിയോ കാണാം

"

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​