ക്രിക്കറ്റ് ലോകകപ്പിന്‍റെ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ ടൂര്‍ണമെന്‍റിന്‍റെ സംഘാടകര്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ രൂക്ഷ വിമര്‍ശനം നടത്തി എന്നാണ് ഒരു ട്വീറ്റില്‍ പറയുന്നത്

അഹമ്മദാബാദ്: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തിന് തണുപ്പന്‍ പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടം കാണാന്‍ വളരെ കുറവ് കാണികളെ എത്തിയുള്ളൂ. പാതിപോലും നിറയാത്ത ഗ്യാലറിക്ക് മുന്നില്‍ ലോകകപ്പിലെ ആദ്യ മത്സരം നടന്നപ്പോള്‍ ബിസിസിഐയുടെ മോശം സജ്ജീകരണങ്ങള്‍ക്കെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ തുറന്നടിച്ചു എന്നൊരു ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ശരി തന്നെയോ ഇത്? 

പ്രചാരണം

ക്രിക്കറ്റ് ലോകകപ്പിന്‍റെ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ ടൂര്‍ണമെന്‍റിന്‍റെ സംഘാടകര്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ രൂക്ഷ വിമര്‍ശനം നടത്തി എന്നാണ് ട്വീറ്റില്‍ പറയുന്നത്. 'ഇന്ത്യക്കാരന്‍ എന്ന് പറയുന്നതില്‍ എനിക്ക് അപമാനം തോന്നുന്നു. ഇത് ഏറ്റവും മോശം ക്രിക്കറ്റ് ലോകകപ്പാണ്. സ്റ്റേഡിയങ്ങള്‍ കാലി, സ്കോര്‍‌‌കാര്‍ഡില്ല. പരിതാപകരമായ ലോകകപ്പ് സംഘാടനമാണ് ബിസിസിഐയുടേത്' എന്നും സ്റ്റാര്‍ സ്പോര്‍ട്‌സിലെ കമന്‍ററിക്കിടെ ഗവാസ്‌കര്‍ പറഞ്ഞതായാണ് എഎസ്‌ജി എന്ന യൂസര്‍ ട്വീറ്റ് ചെയ്‌തത്. ഒക്ടോബര്‍ ആറാം തിയതിയായിരുന്നു എഎസ്‌ജിയുടെ ട്വീറ്റ്. 

ട്വീറ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്

വസ്‌തുത

ഇത്തരത്തില്‍ സുനില്‍ ഗവാസ്‌കര്‍ ബിസിസിഐയെ വിമര്‍ശിക്കുകയോ ഇന്ത്യക്കാരനാണെന്ന് പറയുന്നതില്‍ അപമാനം തോന്നുന്നതായി പറയുകയോ ചെയ്‌തിട്ടില്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ പരിശോധനയില്‍ മനസിലായത്. ഈയൊരു നിഗമനത്തിലേക്ക് എത്തിച്ചത് മൂന്ന് സൂചനകളാണ്. 

1. ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തില്‍ ഗവാസ്‌കര്‍ കമന്‍റേറ്റര്‍ ആയിരുന്നില്ല, അതിനാല്‍ തന്നെ ഇത്തരത്തിലൊരു പ്രസ്‌താവനയും സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ അദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാവാനിടയില്ല എന്നുറപ്പിക്കാം. 2. എഎസ്‌ജി എന്ന ട്വിറ്റര്‍ യൂസര്‍ ആരോപിക്കുന്നത് പോലെയൊരു വിവാദ പ്രസ്‌താവന ഗവാസ്‌കര്‍ നടത്തിയതായി ദേശീയ മാധ്യമങ്ങളുടെയോ കായിക വാര്‍ത്താ മാധ്യമങ്ങളുടേയോ റിപ്പോര്‍ട്ടുകളൊന്നും കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല. 3. ഗവാസ്‌കര്‍ പറഞ്ഞതായുള്ള ട്വീറ്റിന് താഴെ പലരും ഇതിന്‍റെ വീഡിയോ ചോദിച്ചെങ്കിലും എഎസ്‌ജി എന്ന യൂസര്‍ക്ക് തെളിവുകളൊന്നും ഈ വാര്‍ത്ത പബ്ലിഷ് ചെയ്യുന്നത് വരെ സമര്‍പ്പിക്കാനായിട്ടില്ല. 

നിഗമനം

ലോകകപ്പ് സംഘാടനത്തില്‍ ബിസിസിഐക്കെതിരെ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി എന്ന പ്രചാരണം വ്യാജമാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. മറിച്ചുള്ള തെളിവുകളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ ലഭ്യമായില്ല. 

Read more: 435 രൂപ മുടക്കൂ, സര്‍ക്കാര്‍ ജോലി നേടാം! ഓഫറില്‍ വിശ്വസിക്കാമോ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം