അവിശ്വാസിയായ പ്രകാശ് രാജ് മഹാകുംഭമേളയില്‍ പങ്കെടുത്തോ? എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ഥ്യം? Fact Check
പ്രകാശ് രാജ് കുംഭമേളയില്‍ പങ്കെടുത്തതായുള്ള ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറല്‍, എന്താണ് യാഥാര്‍ഥ്യം?

നിരീശ്വരവാദിയായ നടന്‍ പ്രകാശ് രാജ് മഹാകുംഭമേളയില്‍ പങ്കെടുത്തോ? പ്രകാശ് രാജ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗംഗാ നദിയില്‍ സ്നാനം നടത്തിയതായി ഒരു ചിത്രം എക്‌സും (പഴയ ട്വിറ്റര്‍), ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വൈറലാണ്. മലയാളം കുറിപ്പുകള്‍ സഹിതം എഫ്ബിയില്‍ പ്രകാശ് രാജിന്‍റെ ഫോട്ടോ കാണാം. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത എന്ന് ഈ സാഹചര്യത്തില്‍ പരിശോധിക്കാം.
പ്രചാരണം
'ഒടുവിൽ കുറ്റ സമ്മതം നടത്തി അല്ലെ, പ്രകാശ് രാജ് ആണ് പോലും...ഛായ്'- എന്ന മലയാളം കുറിപ്പോടെയാണ് പ്രകാശ് രാജ് കൈകൂപ്പി നദിയില്‍ സ്നാനം ചെയ്യുന്ന ഫോട്ടോ 2025 ജനുവരി 28ന് ഫേസ്ബുക്കില്‍ ജയ് കൃഷ്‌ണ എന്ന യൂസര്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റും സ്ക്രീന്‍ഷോട്ടും ചുവടെ ചേര്‍ക്കുന്നു.
'ദൈവത്തില്‍ വിശ്വാസമില്ലാത്ത പ്രകാശ് രാജ് കുംഭമേളയ്ക്ക് പോയി'- എന്ന കുറിപ്പോടെ ഒരു എക്സ് യൂസര്‍ ചിത്രം ജനുവരി 28ന് തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. പ്രകാശ് രാജിന്‍റെ സമാന ചിത്രം സഹിതമാണ് ട്വീറ്റ്.
വസ്‌തുതാ പരിശോധന
ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ പ്രകാശ് രാജിന്‍റെ കൈവിരലുകള്‍ക്ക് അപൂര്‍ണത തോന്നിച്ചു. ചിത്രം എഐ നിര്‍മിതമാണോ എന്ന് ഇതോടെ ഓണ്‍ലൈന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധന നടത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍, ഫോട്ടോ എഐ നിര്‍മിതമാണെന്ന് വ്യക്തമായി. ഫോട്ടോ എഐ നിര്‍മിതമാവാന്‍ 99 ശതമാനത്തിലധികം സാധ്യതയാണ് പരിശോധനാ ഫലത്തില്‍ കാണുന്നത്.
ഇക്കാര്യം ഉറപ്പിക്കാന്‍ നടത്തിയ പരിശോധനയില്‍ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയോട് പ്രകാശ് രാജ് നടത്തിയ പ്രതികരണവും ലഭ്യമായി. ഫോട്ടോ വ്യാജമാണെന്നും, തെറ്റായ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് എന്നുമാണ് നടന്‍റെ വാക്കുകള്‍. ഇത്രയും തെളിവുകളില്‍ നിന്ന് പ്രകാശ് രാജിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ സത്യാവസ്ഥ വ്യക്തമാണ്.
വസ്‌തുത
നടന്‍ പ്രകാശ് രാജ് മഹാകുംഭമേളയില്‍ പങ്കെടുത്തതായുള്ള ഫോട്ടോ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എഐ നിര്‍മിത ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Read more: സോറി, ഈ ഗ്രാമം കേരളത്തിലല്ല; പ്രചരിക്കുന്നത് എഐ വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
