ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിടവാങ്ങലിന് തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പെലെയുടെ ഒരു ചിത്രം പ്രചരിച്ചിരുന്നു. മറഡോണ എന്ന് എഴുതിയിരിക്കുന്ന കുഴിമാടത്തിനരികെ പെലെ വിതുമ്പുന്ന മുഖവുമായി പൂക്കള്‍ അര്‍പ്പിക്കുന്നതായിരുന്നു ചിത്രത്തില്‍. 

പ്രചാരണം ഇങ്ങനെ

പെലെയുടെ ചിത്രം യഥാര്‍ഥമായിരുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. മറഡോണയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്. നിരവധി പേരാണ് ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചത്. 'മില്യണ്‍ ഡോളര്‍ ചിത്രം' എന്ന തലക്കെട്ടിലായിരുന്നു ഒരു ഫേസ്‌ബുക്ക് പോസ്റ്റ്

 

വസ്‌തുത

പെലെയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പിന്‍റെ സഹായത്തോടെ ആരോ തയ്യാറാക്കിയതാണ് എന്നതാണ് വസ്‌തുത. രണ്ട് പരിശോധന രീതികളിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്. 

1. പെലെയുടെ ചിത്രത്തിന്‍റെ ഒറിജിനല്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭ്യമായി. ഗെറ്റി ഇമേജസാണ് യഥാര്‍ഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചിത്രത്തിലുള്ള ആളുടെ സ്ഥാനത്ത് പെലെയെ എഡിറ്റ് ചെയ്‌ത് ചേര്‍ക്കുകയും കല്ലറയില്‍ മറഡോണ എന്ന് എഴുതിച്ചേര്‍ക്കുകയുമായിരുന്നു. 

2. ഗെറ്റി ഇമേജസ് പ്രസിദ്ധീകരിച്ച ചിത്രത്തിലും വൈറല്‍ ചിത്രത്തിലും ഒരുപാട് സാമ്യതകള്‍ കാണാം. ഇത് ചിത്രം ഫോട്ടോഷോപ്പാണ് എന്ന് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നു. കീശയിലെ എന്തോ വസ്‌തു, കല്ലറയിലെ അടയാളം, പശ്‌ചാത്തലത്തിലെ മരങ്ങള്‍, കൈയിലെ പൂക്കള്‍ എന്നിവയൊക്കെ ഇരു ചിത്രങ്ങളിലും സമാനമാണ്.  

 

നിഗമനം

മറഡോണയുടെ കുഴിമാടത്തിനരികെ പൂക്കള്‍ അര്‍പ്പിക്കുന്ന പെലെയുടെ ചിത്രം വ്യാജമാണ്. മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. മറഡോണയുടെ അന്ത്യകര്‍മ്മങ്ങളില്‍ പെലെ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുമില്ല. 

മരിച്ചിട്ടും മറഡോണയെ വിടാതെ വ്യാജ പ്രചാരണം; അന്ത്യകർമ്മങ്ങളുടെ വീഡിയോ വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​