സര്‍ക്കാര്‍ ആശുപത്രിയിലെ വെറും നിലത്ത് വിളമ്പിയ ഭക്ഷണം ഭക്ഷണം കഴിക്കുന്ന സ്ത്രീയുടെ ചിത്രം കേരളത്തില്‍ നിന്നുള്ളതാണോ?  മലയാളത്തിലുള്ള കുറിപ്പിനൊപ്പം ഒരു വൃദ്ധ ആശുപത്രിയിലെ വരാന്തയിലെ തറയിലിരുന്ന് ചോറുണ്ണുന്ന ചിത്രത്തിന്‍റെ വസ്തുതയെന്താണ്?

 

പ്രചാരണം

 

ആരും തുണയ്ക്കില്ലാത്ത വൃദ്ധയായ സ്ത്രീയ്ക്ക് ആശുപത്രിയിലെ തറയില്‍ ഭക്ഷണം വിളമ്പിയിരിക്കുന്നു. ആരോഗ്യമന്ത്രി എവിടെ? അധികാരപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ഇത്തരം കാഴ്ചകള്‍ ഷെയര്‍ ചെയ്യൂ. പരമാവധി ആളുകളിലേക്ക് എത്തിക്കൂവെന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പ് വിശദമാക്കുന്നത്. ചിത്രത്തൊടൊപ്പമുള്ള കുറിപ്പ് മലയാളത്തിലുള്ളതിനാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്നതെന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. ആരോഗ്യവകുപ്പിനും മന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനത്തോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെടുന്നത്.

 

വസ്തുത

 

കേരളത്തിലെ ചിത്രമെന്ന നിലയില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിലെ സംഭവം ജാര്‍‌ഖണ്ഡില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്‍റേതാണ്.

 

വസ്തുതാ പരിശോധനാ രീതി

 

റിവേഴ്സ് ഇമേജ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടെത്താന്‍ സാധിച്ചു.

2016 സെപ്തംബറില്‍ ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം നല്‍കിയിട്ടുണ്ട്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ജീവനക്കാരനെതിരെ സംഭവത്തിന്‍റെ പേരില്‍ പുറത്താക്കിയിരുന്നു.

ഒടിഞ്ഞ കൈയ്ക്ക് ചികിത്സ തേടിയെത്തിയ മാനസിക തകരാറുള്ള സ്ത്രീയ്ക്ക് ഭക്ഷണം തറയില്‍ വച്ച് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 2017ലും ഈ ചിത്രം വൈറലായിരുന്നു. 2017 ജനുവരി 13 ന് കാഴ്ച്ചപാടുകൾ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രവും ഏറെ പ്രചാരം നേടിയരുന്നു.

 

നിഗമനം

 

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് തറയില്‍ ഭക്ഷണം വിളമ്പിയെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്. നാല് വര്‍ഷം മുന്‍പ് നടന്ന ജാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിന്‍റെ ചിത്രമാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

ഗർഭിണിയായ കാട്ടാന ചരിഞ്ഞത് പാലക്കാട്; പിന്നെങ്ങനെ മലപ്പുറത്തിന്‍റെ പേര് വന്നു?

വയനാട്ടില്‍ ഇങ്ങനെയൊരു റോഡോ? പ്രചാരണത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

പാലക്കാട് ആന ചരിഞ്ഞ സംഭവം; വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല

കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നു? മേനകാ ഗാന്ധിയുടെ പരാമര്‍ശത്തിലെ വസ്തുത