വിദ്യാര്‍ഥിയെ കോളറിന് പിടിച്ച് അധ്യാപകന്‍ ക്ലാസ് മുറിയിലെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്

'മാക്‌സിമം ഇത് എല്ലാവരിലേക്ക് എത്തുവാന്‍ എല്ലാവരും ഷെയര്‍ ചെയ്യുക', എന്ന കുറിപ്പോടെ ഒരു വീഡിയോ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നു. ക്ലാസില്‍ സഹവിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോയില്‍. ഇന്ത്യയില്‍ നടന്ന സംഭവമാണിത് എന്ന് കരുതി അധ്യാപകനെതിരെ കര്‍ശന നടപടി നിരവധി പേര്‍ കമന്‍റ് ബോക്‌സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവം എന്നും എവിടെ നടന്നതാണെന്നും നിരവധി പേര്‍ കമന്‍റായി ചോദിച്ചിട്ടുണ്ട്. അതിനാല്‍തന്നെ വീഡിയോയുടെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

ഫേസ്‌‌ബുക്കില്‍ സാലിഹ് പാനിപ്ര എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റീല്‍സ് രൂപത്തിലാണ് വീഡിയോ. വിദ്യാര്‍ഥിയെ കോളറിന് പിടിച്ച് അധ്യാപകന്‍ ക്ലാസ് മുറിയിലെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് കണ്ട് ഭയന്ന് വിറച്ച് മറ്റ് വിദ്യാര്‍ഥികള്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനകം എട്ട് ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നാലായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്ത വീഡിയോയ്‌ക്ക് 551 കമന്‍റുകളും നാലായിരത്തോളം ഷെയറുകളും ഈ വാര്‍ത്ത തയ്യാറാക്കുമ്പോഴുണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന സംഭവമാണിത് എന്ന് വീഡിയോ കണ്ട പലരും കരുതിയിരിക്കുന്നതായി കമന്‍റ് ബോക്‌സ് നോക്കിയാല്‍ മനസിലാകും. സത്യത്തില്‍ ഇതെന്താണ് സംഭവം, എവിടെ നടന്നതാണ്? 

വീഡിയോ സ്ക്രീന്‍ഷോട്ട്

വസ്‌തുത 

അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ വച്ച് മര്‍ദിക്കുന്ന വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് മനസിലാക്കാന്‍ ദൃശ്യങ്ങളുടെ ഫ്രെയിമുകള്‍ ആദ്യം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ലഭിച്ച ഫലങ്ങളില്‍ നിന്ന് മനസിലായത് ഈ വീഡിയോ ഏറെ പഴയതാണ് എന്നതാണ്.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലം

2021 നവംബര്‍ 25ന് വീഡിയോ ബിസിനസ് ന്യൂസ് ടുണീഷ്യ എന്ന ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത സഹിതം പങ്കുവെച്ചിരിക്കുന്നതായി കാണാനായി. തഫ്ഫലയിലെ ഒരു പ്രൈമറി സ്‌കൂളിലാണ് ഈ സംഭവം നടന്നത് എന്നാണ് വാര്‍ത്തയില്‍ വിശദീകരിക്കുന്നത്. ഈ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തയായി മറ്റൊരു വാര്‍ത്തയും ഇതേ മാധ്യമത്തില്‍ കണ്ടെത്താനായി. ഇതോടെ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ല, ടുണീഷ്യയിലേതാണ് എന്ന് വ്യക്തമായി. ഈ വാര്‍ത്ത മറ്റ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നോ എന്ന കാര്യം പരിശോധിച്ചുവെങ്കിലും വിശ്വസനീയമായ വിവരങ്ങള്‍ കണ്ടെത്താനായില്ല. 

നിഗമനം

അധ്യാപകന്‍ ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ല. ടുണീഷ്യയിലെ ഒരു സ്‌കൂളില്‍ 2021ല്‍ നടന്ന സംഭവമാണിത്. 

Read more: ആരും തെറ്റിദ്ധരിക്കല്ലേ; മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ആ വീഡിയോ പഴയത്, കണ്ടത് ലക്ഷക്കണക്കിന് പേര്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം