അമിതാഭ് ബച്ചനും രേഖയും മഹാകുംഭമേളയില്‍ പങ്കെടുത്തെന്ന് അവകാശപ്പെട്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്
മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ചിത്രങ്ങള്‍ അവസാനിക്കുന്നില്ല. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും നടി രേഖയും കുംഭമേളയില്‍ കണ്ടുമുട്ടി എന്നാണ് എഐ ചിത്രം സഹിതം വൈറലായിരിക്കുന്ന ഒരു പ്രചാരണം. ഇതിനേക്കുറിച്ച് വിശദമായി അറിയാം.
പ്രചാരണം
അമിതാഭ് ബച്ചനും രേഖയും മഹാകുംഭമേളയ്ക്ക് എത്തുകയും സ്നാനം നടത്തുകയും ചെയ്തു എന്ന കുറിപ്പോടെയാണ് ഫോട്ടോ വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കാണാം.

വസ്‌തുതാ പരിശോധന
അമിതാഭ് ബച്ചനും രേഖയും മഹാകുംഭമേളയില്‍ പങ്കെടുത്തെന്ന് അവകാശപ്പെട്ട് ആളുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ അസ്വാഭാവികത കാണാം. ഇരുവരുടെയും മുഖത്ത് പതിവില്‍ കവിഞ്ഞ തിളക്കം വ്യക്തമാണ്. ഇത് സാധാരണയായി എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ സംഭവിക്കാറുണ്ട്. അതിനാല്‍ ഈ ചിത്രവും എഐ നിര്‍മിതമാണോ എന്ന് ഹൈവ് മോഡറേഷന്‍ ടൂള്‍ വഴി പരിശോധിച്ചു. ഈ ഫോട്ടോ എഐ ആവാന്‍ 84 ശതമാനത്തിലേറെ സാധ്യതയാണ് ഹൈവ് മോഡറേഷന്‍ കല്‍പിക്കുന്നത്.

ഫേക്ക് ഇമേജ് ഡിറ്റക്റ്റര്‍ വഴിയും ഫോട്ടോ പരിശോധനയ്ക്ക് വിധേയമാക്കി. ഫോട്ടോ കമ്പ്യൂട്ടര്‍ ജനറേറ്റഡോ മോഡിഫൈഡോ ആണെന്നായിരുന്നു പരിശോധനാ ഫലം.

നിഗമനം
അമിതാഭ് ബച്ചനും രേഖയും മഹാകുംഭമേളയില്‍ പങ്കെടുത്തതായുള്ള ചിത്രം എഐ നിര്‍മിതമാണ് എന്നാണ് പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
Read more: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ജോണ്‍ സീനയും റോക്കും എത്തിയോ? ചിത്രങ്ങളുടെ വസ്തുത- Fact Check
