മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ജോണ്‍ സീനയും റോക്കും എത്തിയോ? ചിത്രങ്ങളുടെ വസ്തുത- Fact Check
ഡ്വെയ്‌ന്‍ ജോണ്‍സണ്‍ (ദി റോക്ക്), റോണ്ട റൗസി, ജോണ്‍ സീന, ബ്രോക്ക് ലെന്‍സര്‍ തുടങ്ങിയവര്‍ മഹാകുംഭമേളയ്ക്ക് എത്തിയെന്നാണ് ഫോട്ടോകള്‍ ഉപയോഗിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണം

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ഡബ്ല്യൂഡബ്ല്യൂഇ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലെത്തിയോ? ജോണ്‍ സീന, ബ്രോക്ക് ലെന്‍സര്‍, ദി റോക്ക്, റോണ്ട റൗസി എന്നീ താരങ്ങള്‍ പ്രയാഗ്‌രാജില്‍ എത്തിയെന്നാണ് വിവിധ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഫോട്ടോകള്‍ സഹിതം അവകാശപ്പെടുന്നത്. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ? പ്രചാരണവും വസ്തുതയും പരിശോധിക്കാം.
പ്രചാരണം
വേള്‍ഡ് റെസലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റിലെ സൂപ്പര്‍ താരങ്ങളായ ഡ്വെയ്‌ന്‍ ജോണ്‍സണ്‍ (ദി റോക്ക്), റോണ്ട റൗസി, ജോണ്‍ സീന, ബ്രോക്ക് ലെന്‍സര്‍ തുടങ്ങിയവര്‍ മഹാകുംഭമേളയ്ക്ക് എത്തിയെന്നാണ് വിവിധ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചിത്രങ്ങള്‍ സഹിതം അവകാശപ്പെടുന്നത്. പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. ബ്രോക്ക് ലെന്‍സര്‍ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പവും ജോണ്‍ സീന, ആലിയ ഭട്ടിനൊപ്പവും പോസ് ചെയ്തതായും ചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നു.
വസ്‌തുതാ പരിശോധന
വിഖ്യാത ഡബ്ല്യൂഡബ്ല്യൂഇ താരങ്ങള്‍ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കെത്തി എന്നവകാശപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ചിത്രങ്ങളില്‍ അസ്വാഭാവികത കാണാം. താരങ്ങളുടെ മുഖഭാവങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങളും ചിത്രങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ മിനുസവുമുണ്ട്. ഇത് ഈ ഫോട്ടോകള്‍ എഐ നിര്‍മിതമായേക്കാം എന്ന സൂചന നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ചിത്രങ്ങളും എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ വസ്തുത വ്യക്തമായി.
വസ്‌തുത
ജോണ്‍ സീന, ബ്രോക്ക് ലെന്‍സര്‍, ദി റോക്ക്, റോണ്ട റൗസി എന്നീ താരങ്ങള്‍ മഹാകുംഭമേളയ്ക്ക് എത്തി എന്ന സോഷ്യല്‍ മീഡിയ പ്രചാരണം തകൃതിയായി നടക്കുന്നത് എഐ നിര്‍മിത ഫോട്ടോകള്‍ ഉപയോഗിച്ചാണ്.
Read more: ഇന്ത്യന്‍ ഗ്രാമത്തില്‍ കണ്ടെത്തിയ പുരാതന ബഹിരാകാശ പേടകങ്ങളോ ഇത്? ചിത്രങ്ങളുടെ വസ്തുത- Fact Check
