ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ജേഴ്‌സിയണിഞ്ഞ രണ്ട് താരങ്ങള്‍ തമ്മില്‍ മൈതാന മധ്യേ ശക്തമായ വാക്കുതര്‍ക്കം നടക്കുന്നതും അംപയര്‍മാരും സഹതാരങ്ങളും ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം

മൈതാനത്ത് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി എന്ന തരത്തിലൊരു വീഡിയോ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. രണ്ട് താരങ്ങള്‍ പരസ്‌പരം ജേഴ്‌സികളില്‍ പിടിച്ച് തര്‍ക്കിക്കുന്നതും അംപയര്‍ ഇടപെട്ട് രംഗം ശാന്തമാക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. സമീപത്തായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഒരു താരത്തെയും അനവധി പാക് താരങ്ങളെയും കാണാം. എന്താണ് ഈ വീഡിയോയുടെ വസ്‌തുത?

പ്രചാരണം

ഭാരത് ബ്രേക്കിംഗ് ന്യൂസ് ഹിന്ദി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോ ഇങ്ങനെ. കാണികള്‍ നിറഞ്ഞുള്ളൊരു ക്രിക്കറ്റ് മൈതാനമാണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ജേഴ്‌സിയണിഞ്ഞ രണ്ട് താരങ്ങള്‍ തമ്മില്‍ മൈതാന മധ്യേ ശക്തമായ വാക്കുതര്‍ക്കം നടക്കുന്നതും അംപയര്‍മാര്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഷാര്‍ജയില്‍ വച്ച് ഇന്ത്യ- പാക് താരങ്ങള്‍ തമ്മില്‍ വാക്‌പോരുണ്ടായി എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വസ്‌തുതാ പരിശോധന

വീഡിയോയില്‍ തമ്മിലടിക്കുന്ന ക്രിക്കറ്റ് താരങ്ങളും, രംഗം ശാന്തമാക്കാന്‍ നോക്കുന്ന അംപയര്‍മാരും നമുക്ക് പരിചയമുള്ള ആളുകളല്ല. ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ ഇത്തരമൊരു സംഭവം മൈതാനത്തുണ്ടായതായി ആധികാരികമായ വാര്‍ത്തകളും പരിശോധനയില്‍ ലഭ്യമായില്ല. അതിനാല്‍ തന്നെ വീഡിയോയുടെ യാഥാര്‍ഥ്യം സംശയചിഹ്നമായി. വീഡിയോയില്‍ പലയിടത്തും കൈകളില്‍ അസ്വാഭാവിക തോന്നുന്നത് ഈ ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാവാമെന്ന ആദ്യ സൂചന നല്‍കി. ഇതേത്തുടര്‍ന്ന്, വീഡിയോ എഐ ഡിറ്റക്ഷന്‍ ടൂളുകല്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഉറപ്പിക്കാനായി.

നിഗമനം

മൈതാനത്ത് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങള്‍ ഏറ്റുമുട്ടി എന്ന തരത്തിലുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്