ദില്ലി: ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നിന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ വീതം നല്‍കുന്നു എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ചൂണ്ടിക്കാട്ടി മറ്റൊരു സന്ദേശം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കൊവിഡ് ദുരിതാശ്വാസമായി 7,500 രൂപ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നു എന്നാണ് സന്ദേശങ്ങളില്‍ പറയുന്നത്. 

പ്രചാരണം ഇങ്ങനെ

വാട്‌സ്‌ആപ്പിലാണ് ഈ പ്രചാരണം സജീവമായി കാണുന്നത്. എല്ലാ പൗരന്‍മാര്‍ക്കും 7,500 രൂപ ദുരിതാശ്വാസ സഹായം നല്‍കാന്‍ ഫെഡറല്‍ ഗവര്‍മെന്‍റ് അനുമതി നല്‍കി. എങ്ങനെയാണ് ഈ സഹായം ലഭിക്കേണ്ടതെന്നും വേഗത്തില്‍ പണം നേടാനും താഴെയുള്ള ലിങ്ക് പരിശോധിക്കുക. ഒരിക്കല്‍ മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂവെന്നും പരിമിതമായ ആളുകള്‍ക്കാണ് പണം ലഭിക്കുക എന്നും വാട്‌സ്‌ആപ്പ് സന്ദേശത്തിലുണ്ടായിരുന്നു. 

വസ്‌തുത എന്ത്?

ഇത്തരത്തിലൊരു സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതാണ് വസ്‌തുത. 

Read more: ലോക്ക് ഡൗണിൽ വിദ്യാർഥികൾക്ക് വമ്പൻ സ്കോളർഷിപ്പ് എന്ന് പ്രചാരണം; അപേക്ഷിക്കും മുമ്പറിയുക

വസ്‌തുതാ പരിശോധനാ രീതി

പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന്  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ആണ് വ്യക്തമാക്കിയത്. വ്യാജ ലിങ്കാണ് മെസേജില്‍ നല്‍കിയിരിക്കുന്നതെന്നും ഇത്തരം ചതിക്കുഴികളില്‍ വീഴരുത് എന്നും പിഐബി അഭ്യര്‍ഥിച്ചു. 

 

നിഗമനം

എല്ലാ പൗരന്മാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 7,500 രൂപ നല്‍കുന്ന എന്ന പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു പദ്ധതി നിലവിലില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​