പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം സിആര്‍7ന്‍റെ ഏറ്റവും വലിയ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തെന്നാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍
പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തോ? ലോകത്തിലെ ഏറ്റവും വലിയ സിആര്‍7 പ്രതിമ പ്രകാശനം ചെയ്തു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
'ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിമ അനാച്ഛാദനം ചെയ്തു'- എന്ന തലക്കെട്ടിലാണ് ഫോട്ടോ ഫേസ്ബുക്കില്‍ CR7- The Legend എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പല എഫ്ബി അക്കൗണ്ടുകളില്‍ നിന്നും സമാന അവകാശവാദത്തോടെ പോസ്റ്റുകള്‍ കാണാം. ഒരു സ്റ്റേഡിയത്തിന്‍റെ മുന്നിലായി ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചതായും ആളുകള്‍ കൂടിനിന്ന് അത് വീക്ഷിക്കുന്നതായുമാണ് ചിത്രം.

വസ്‌തുതാ പ്രചാരണം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേ പോലൊരു ഇതിഹാസ ഫുട്ബോളറുടെ ഏറ്റവും വലിയ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തെങ്കില്‍ അത് വാര്‍ത്തയാവേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തിലൊരു വാര്‍ത്ത കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല. സിആര്‍7-ന്‍റെ പ്രതിമ ഗോവ, സിആര്‍7 മ്യൂസിയം, മദൈര വിമാനത്താവളം, ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ കാണാം. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ഇത്രയും ഭീമാകാരന്‍ പ്രതിമ പ്രകാശനം ചെയ്തതായി വാര്‍ത്തകള്‍ കാണാനില്ല.
മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പരിശോധിച്ചപ്പോഴും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ഈ ഫോട്ടോ എഐ നിര്‍മ്മിതമാണോ എന്ന് തിരഞ്ഞു. എഐ ഡിറ്റക്ഷന്‍ ടൂളായ ഹൈവ് മോഡറേഷനില്‍ നടത്തിയ പരിശോധനയില്‍ ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നിര്‍മ്മിതമാവാന്‍ 99 ശതമാനം സാധ്യത തെളിഞ്ഞു. മറ്റ് എഐ ഫോട്ടോ ഡിറ്റക്ഷന്‍ ടൂളുകളും ഈ ഫോട്ടോ യഥാര്‍ഥമല്ല എന്നുതന്നെ വ്യക്തമാക്കി. ഫോട്ടോയുടെ വസ്തുത ഇതില്‍ നിന്ന് മനസിലാക്കാം.

നിഗമനം
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിമ എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ എഐ നിര്‍മ്മിതമാണ് എന്നാണ് ലഭ്യമായ തെളിവുകളില്‍ നിന്ന് മനസിലാക്കേണ്ടത്.
