മഞ്ഞുകാലം പലര്‍ക്കും പ്രിയപ്പെട്ട സമയമാണ്. വീടും പരിസരവും വഴികളുമെല്ലാം മഞ്ഞ് മൂടി മനോഹരമായി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം പേരും. വൈകുന്നേരമാകുമ്പോള്‍ തണുപ്പിറങ്ങുന്നതോടെ ഉറങ്ങാനും സുഖകരമായ അന്തരീക്ഷമായിരിക്കും. 

എന്നാല്‍ തണുപ്പുകാലത്തിന്റെ ഒരു ദോഷവശമാണ് അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. ജലദോഷം, ചുമ, പനി മുതല്‍ ചര്‍മ്മത്തിന്റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തെ ബാധിക്കുന്ന ഒരുപിടി പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല തരത്തിലുള്ള ശാരീരികപ്രയാസങ്ങളും മഞ്ഞുകാലത്ത് പതിവാണ്. 

ചര്‍മ്മം വരണ്ടുപോവുക, ചെറിയ പാടുകള്‍ വീഴുക, മുടിയാണെങ്കില്‍ വരണ്ട് ജീവനറ്റ് പോവുക, തലയോട്ടിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക- ഇതെല്ലാം മഞ്ഞുകാലത്തെ സ്ഥിരം ബുദ്ധിമുട്ടുകളാണ്. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത്തരം 'സീസണല്‍' പ്രശ്‌നങ്ങള്‍ വലിയൊരു പരിധി വരെ പരിഹരിക്കാനാകും. അതിന് സഹായകമാകുന്നൊരു കിടിലന്‍ സൂപ്പാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ബീറ്റ്‌റൂട്ടും ക്യാരറ്റമുപയോഗിച്ചാണ് ഈ സൂപ്പ് തയ്യാറാക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്ന വിറ്റാമിന്‍-സിക്കും ആന്റിഓക്‌സിഡന്റുകള്‍ക്കും പുറമെ ക്യാരറ്റില്‍ ധാരാളം ബീറ്റ കെരാട്ടിന്‍, വിറ്റാമിന്‍- എ, സിലിക്കണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടിക്കും ചര്‍മ്മത്തിനും നഖങ്ങള്‍ക്കും ഏറെ ഗുണകരമാണ്. 

ക്യാരറ്റ് പോലെ തന്നെ ബീറ്റ്‌റൂട്ടും വിറ്റാമിന്‍-സിയാല്‍ സമ്പുഷ്ടമാണ്. ഇതിനോടൊപ്പം 'ഡാര്‍ക്ക് പിങ്ക്' നിറത്തില്‍ വരുന്ന പച്ചക്കറികളില്‍ വിറ്റാമിന്‍-എ, കാത്സ്യം, അയേണ്‍ എന്നിവയും അടങ്ങിയിരിക്കും. ഇവ മുടിയുടേയും നഖത്തിന്റേയും എല്ലുകളുടേയും ചര്‍മ്മത്തിന്റേയുമെല്ലാം ആരോഗ്യത്തിന് ഗുണകരമാണ്. 

സൂപ്പ് തയ്യാറാക്കുന്ന വിധം...

ഒരു പ്രഷര്‍ കുക്കര്‍ ചൂടാക്കാന്‍ വച്ച്, അതിലേക്ക് ഒരു ടീസ്പൂണ്‍ ബട്ടര്‍ ചേര്‍ക്കുക. ബട്ടര്‍ ഉരുകിത്തുടങ്ങുമ്പോള്‍ അതിലേക്ക് ഒരു ടീസ്പൂണ്‍ ജീരകം ചേര്‍ക്കാം. ജീരകം പൊട്ടുന്ന മുറയ്ക്ക് ഗ്രേറ്റ് ചെയ്ത് വച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ഇതിലേക്ക് ചേര്‍ക്കുക. 

ഇവയെല്ലാം അല്‍പം മൂത്തുവരുന്നത് വരെ വഴറ്റാം. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ക്യാരറ്റഉം ബാറ്റ്‌റൂട്ടും ആവശ്യമായ ഉപ്പും ചേര്‍ക്കാം. ഒരു ഗ്ലാസോളം വെള്ളം ഈ ഘട്ടത്തില്‍ ചേര്‍ത്തുകൊടുക്കണം. ഇനിയിത് വേവിക്കാന്‍ അനുവദിക്കാം. 

വെന്ത ശേഷം, ഒന്ന് ചൂട് പോയിക്കഴിയുമ്പോള്‍ ബ്ലെന്‍ഡറുപയോഗിച്ച് ഇവ നന്നായിട്ടൊന്ന് ബ്ലെന്‍ഡ് ചെയ്‌തെടുക്കാം. ഇനിയിത് വീണ്ടും ഒരു പാനിലേക്ക് മാറ്റി ചൂടാക്കിയ ശേഷം കുരുമുളക് പൊടി, അല്‍പം ചെറുനാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ത്ത് സെര്‍വ് ചെയ്യാം.

Also Read:- രുചി കിടിലന്‍; കൊവിഡ് കാലത്തിന് പറ്റിയ മൂന്ന് സൂപ്പുകള്‍...