ഇന്ത്യന്‍ ഭക്ഷണങ്ങളെ സ്‌നേഹിക്കുന്ന നിരവധി വിദേശികളുണ്ട്. നമ്മുടെ വിനോദസഞ്ചാര മേഖലയുടെ നെടുംതൂണാണ് തനത് രുചിക്കൂട്ടുകളുടെ ആകര്‍ഷണം എന്ന് തന്നെ വേണമെങ്കില്‍ പറയാം. കാലങ്ങളായി ഇന്ത്യന്‍ ജനത കൈമാറിവരുന്ന പരമ്പരാഗത രുചികളോടുള്ള ഭ്രമത്തെ പറ്റി പ്രമുഖരടക്കം പല വിദേശികളും തുറന്നുപറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ പുതിയൊരാള്‍ കൂടി. 

ഹോളിവുഡ് നടന്‍ ക്രിസ് പാറ്റ് ആണ് കക്ഷി. ഭാര്യ കാതറിന്‍ ഷ്വാര്‍സ്‌നെഗറിന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ക്രിസ് പാറ്റ്, ഒരു ഇന്ത്യന്‍ വിഭവം തന്നെ എക്കാലത്തേക്കും കീഴടക്കിയിരിക്കുന്നുവെന്ന് പറഞ്ഞത്. 

ഭാര്യ ഗര്‍ഭിണിയാണെങ്കിലും കൊതി തനിക്കാണെന്ന മുഖവുരയോടെയാണ് ക്രിസ് പാറ്റ് ഈ ലോക്ഡൗണ്‍ കാലത്ത് താനേറെ 'മിസ്' ചെയ്യുന്ന ഇഷ്ടവിഭവത്തെക്കുറിച്ച് പറഞ്ഞത്. മറ്റൊന്നുമല്ല, അച്ചാര്‍ ആണ് ക്രിസിന്റെ മനം മയക്കിയ ആ വിഭവം. നമുക്കൊരുപക്ഷേ ഇത് കേള്‍ക്കുമ്പോള്‍ തമാശ തോന്നിയേക്കാം. കാരണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അച്ചാര്‍ 'മിസ്' ചെയ്യുന്ന സാഹചര്യമേ ഉണ്ടാകാന്‍ സാധ്യതയില്ല. 

 

 

മിക്ക വീടുകളിലും വ്യത്യസ്തമായ പലതരം അച്ചാറുകളും ഏറെ നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കാറുണ്ട്. അച്ചാര്‍ നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗം തന്നെയാണ്. സീസണലായി ലഭിക്കുന്ന മാങ്ങ, നാരങ്ങ മുതല്‍ മീനും ബീഫും ചെമ്മീനും വരെ എന്തെല്ലാം സാധനങ്ങള്‍ കൊണ്ടാണ് നമ്മള്‍ അച്ചാറുണ്ടാക്കുന്നത്! 

ഏത് ലോക്ഡൗണിലും ഒരിത്തിരി അച്ചാറെടുക്കാനില്ലാത്ത വീടുകളും നമ്മുടെ നാട്ടില്‍ കുറവായിരിക്കും. എന്നാല്‍ വിദേശികളെ സംബന്ധിച്ച് അച്ചാര്‍ ഒരു 'എക്‌സ്ട്രാ' വിഭവം തന്നെയാണ്. അത് വീട്ടില്‍ സൂക്ഷിക്കുന്ന പതിവ് അവര്‍ക്കിടയിലില്ല. എങ്കിലും ഇപ്പോഴെല്ലാം അച്ചാര്‍ പ്രേമികള്‍ അച്ചാറുകള്‍ 'സ്റ്റോക്ക്' ചെയ്യുന്നത് വിദേശരാജ്യങ്ങളിലും കാണാം. 

 

 

അച്ചാറിനെ ഇത്രമാത്രം 'മിസ്' ചെയ്യേണ്ടിവരുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നാണ് ക്രിസ് പാറ്റ് പറയുന്നത്. അച്ചാര്‍ കഴിഞ്ഞാല്‍ ഐസ്‌ക്രീമിനോടാണത്രേ ഇപ്പോള്‍ ഏറെ പ്രിയം. എന്തായാലും ലോക്ഡൗണ്‍ ആയതോടെ ഭാര്യയുടെ സ്‌നേഹം കലര്‍ത്തിയുള്ള സല്‍ക്കാരത്തില്‍ തടി കൂടിയിരിക്കുകയാണെന്നാണ് ക്രിസിന്റെ വാദം. ഇനി വര്‍ക്കൗട്ടിലൂടെ 'ഫിറ്റ്‌നസ്' തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങണമെന്നും അദ്ദേഹം പറയുന്നു.

Also Read:- എന്താ രുചി, പാവയ്ക്ക അച്ചാർ തയ്യാറാക്കാം...