ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്ക് അനുവദിക്കില്ല. അത് കണ്ടുപിടിക്കാന്‍ പ്രത്യേക അല്‍ഗൊരിതവും ഫേസ്ബുക്കിനുണ്ട്. നഗ്നതയാണെന്ന് തിരിച്ചറിയുന്നവെയെല്ലാം ഇങ്ങനെ ഫേസ്ബുക്ക് നീക്കം ചെയ്യും. എന്നാല്‍ അടുത്തിടെ ഇത്തരത്തില്‍ ഫേസ്ബുക്ക് നീക്കം ചെയ്ത ചിത്രം എന്താണെന്ന് അറിയാമോ? ഒരു ഉള്ളിയുടെ ചിത്രം. 

ലൈംഗികതയുടെ അതിപ്രസരമാണെന്ന് പറഞ്ഞാണ് ഉള്ളിയുടെ ചിത്രം ഫേസ്ബുക്ക് നീക്കം ചെയ്തത്. 'ദി സീഡ് കമ്പനി ബൈ ഇ ഡബ്ല്യു ഗേസ്' എന്ന ഒരു വിത്ത് വിതരണ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പ്രീമിയം 'വല്ല വല്ല സ്വീറ്റ് ഒണിയന്റെ' ചിത്രമാണ് നീക്കം ചെയ്തത്. 

ഉള്ളിയുടെ പരസ്യത്തിൽ 'നഗ്നത' അല്ലെങ്കില്‍ 'അമിത ലൈംഗികത' ഉള്ളതിനാൽ നീക്കം ചെയ്തുവെന്നാണ് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്കിന്‍റെ നടപടിയില്‍ ഞെട്ടിയ വില്‍പനക്കാര്‍ തങ്ങള്‍ പങ്കുവെച്ച ഉള്ളിയുടെ ചിത്രവും ഫേസ്ബുക്കിന്‍റെ സന്ദേശവും സ്‌ക്രീന്‍ഷോട്ടെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

 

'ഫേസ്ബുക്കില്‍ നിന്ന് ഞങ്ങള്‍ക്കൊരു അറിയിപ്പ് ലഭിച്ചിരിക്കുന്നു. വല്ല വല്ല ഒണിയന്‍ സീഡുകളുടെ ചിത്രത്തില്‍ ലൈംഗിക അതിപ്രസരമുണ്ടെന്നാണ് ഫേസ്ബുക്ക് പറയുന്നത്. നിങ്ങളിത് കണ്ടോ?'- എന്ന കുറിപ്പും സീഡ് കമ്പനി പങ്കുവച്ചു. 

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഉള്ളികളില്‍ ഏത് ശരീരഭാഗമാണ് അല്‍ഗൊരിതം കണ്ടുപിടിച്ചത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. തുടര്‍ന്ന് കനേഡിയന്‍ പരസ്യ കമ്പനി പരാതി നൽകുകയും ചെയ്തു. അതോടെ ഫേസ്ബുക്ക് പരസ്യം പുനഃസ്ഥാപിക്കുകയായിരുന്നു.

Also Read: ഇഡ്ഡലിയെ ചൊല്ലി ട്വിറ്ററിൽ പോര്; വാളെടുത്ത് ശശി തരൂരും...