രാജസ്ഥാനിലെ ബിക്കാനീർ അടക്കമുള്ള പ്രദേശങ്ങളിൽ അതിശക്തമായി വീശിയടിച്ച് പൊടിക്കാറ്റ്. ഇതോടെ ആകാശം ഓറഞ്ച് നിറമായി. എങ്ങും പൊടി മൂടിയതോടെ വാഹനമോടിക്കുന്നവര്‍ വരെ പെട്ടുപോയി. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് രാജസ്ഥാനിലെ ബിക്കാനീറിലടക്കം പല പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ പൊടിക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിക്കുന്നത്. ഇത് ആകാശത്തെ ഇരുട്ടിലാഴ്ത്തുകയും റോഡുകളും വീടുകളും പരിസരപ്രദേശങ്ങളും കനത്ത പൊടിപടലങ്ങളാൽ മൂടുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളും പുറത്ത് വന്ന ദൃശ്യങ്ങളും സൂചിപ്പിക്കുന്നു. കനത്ത മൂടലിലൂടെ വണ്ടിയോടിക്കാൻ കഴിയാതെ ഹെഡ്ലൈറ്റുകൾ തെളിച്ചാണ് പലരും മുന്നോട്ട് പോയത്. തെരുവുകളിലൂടെയും ജനവാസ മേഖലകളിലൂടെയും അതിവേഗത്തിൽ നീങ്ങുന്ന കനത്ത പൊടിപടലങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പല വീഡിയോകളിലും ആകാശം ഓറഞ്ച്-തവിട്ട് നിറത്തിലാണ് എന്ന് കാണാം. ശക്തമായ കാറ്റിൽ മരങ്ങൾ ആടിയുലയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…

വെസ്റ്റേൺ ഡിസ്റ്റർബൻസ് മൂലം ഉണ്ടായ ഈ കാറ്റ് ചുരു, ഹനുമാൻഗഡ്, ശ്രീ ഗംഗാനഗർ, ബിക്കാനീർ, നാഗൗർ, ദിഡ്‌വാന കുചാമൻ, അൽവാർ, സികാർ തുടങ്ങി നിരവധി ജില്ലകളെ ബാധിച്ചു. ജയ്‌പൂരിലും ശക്തമായ കാറ്റും അതിനുപിന്നാലെ മഴയും ഉണ്ടായി. സികാർ ജില്ലയിലെ ഫത്തേപൂരിലും ലക്ഷ്മൺഗഡിലും സമാനമായ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Scroll to load tweet…

ചുരുവിൽ നിന്നുള്ള ഒരാൾ പിടിഐയോട് പറഞ്ഞത് ഇങ്ങനെയാണ്; 'നഗരത്തെ വിഴുങ്ങുന്ന ഇത്രയും വലിയൊരു പൊടിക്കാറ്റ് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും തീവ്രമായ ഒരു കൊടുങ്കാറ്റിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായാണ്. ഉച്ചയ്ക്ക് 2 മണിയോടെ ആകാശം ഇരുണ്ട് രാത്രി പോലെയായി. ആളുകൾ വാഹനങ്ങളുടെ ഹെഡ്ലൈറ്റുകൾ തെളിച്ചാണ് യാത്ര ചെയ്യുന്നത്. പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സാധാരണ ജനജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്'.

Scroll to load tweet…

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിവരങ്ങൾ അനുസരിച്ച്, ഉച്ചകഴിഞ്ഞ് വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലൂടെ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലാണ് ഈ അതിശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്. ഉദയ്പൂർ ഉൾപ്പടെ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ചുരുവിൽ 14.8 മില്ലിമീറ്ററും പിലാനിയിൽ 10.4 മില്ലിമീറ്ററും മഴ ലഭിച്ചു. ഹനുമാൻഗഡ് ജില്ലയിലെ സംഗരിയയിൽ 3.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.