അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടിയും, ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ. ഗര്‍ഭകാലത്തെ പരിചരണത്തെ കുറിച്ചും കരുതലിനെ കുറിച്ചുമെല്ലാം അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും ചെറുകുറിപ്പുകളിലൂടെയുമെല്ലാം സൂചിപ്പിക്കാറുണ്ട്. 

എങ്കിലും ഭക്ഷണവിശേഷങ്ങളെ കുറിച്ച് തന്നെയാണ് താരം ഏറെയും വാചാലയാകാറ്. തന്റെ ഇഷ്ടഭക്ഷണം കയ്യിലെത്തിയാല്‍ അതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുന്നത് അനുഷ്‌കയുടെ പതിവായി മാറിയിരിക്കുകയാണിപ്പോള്‍. 

 

 

കഴിഞ്ഞ ദിവസവും അനുഷ്‌ക ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. വടക്കേ ഇന്ത്യക്കാരുടെ പ്രിയ വിഭവമായ പാനി പൂരിയാണ് ഇക്കുറി അനുഷ്‌കയുടെ സന്തോഷത്തിന് പിന്നില്‍. ഇത് വീട്ടില്‍ തന്നെയാണ് തയ്യാറാക്കിയതെന്നാണ് സൂചന. സ്ട്രീറ്റ് ഫുഡ് ആയി കണക്കാക്കപ്പെടുന്ന പാനീ പൂരി, ചാട്ടുകള്‍ തുടങ്ങിയ വിഭവങ്ങള്‍ കൊവിഡ് കാലമായതോടെ ആളുകള്‍ വ്യാപകമായി വീട്ടില്‍ തന്നെ തയ്യാറാക്കിത്തുടങ്ങിയിരുന്നു. 

 

 

നേരത്തേ പിസയും ചീസും കഴിച്ചുകൊണ്ടിരിക്കുന്ന ചിത്രവും അനുഷ്‌ക പങ്കുവച്ചിരുന്നു. ഗര്‍ഭിണികള്‍ പൊതുവേ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ലെങ്കിലും മിതമായ തരത്തില്‍ ഇഷ്ടങ്ങളെ സംതൃപ്തിപ്പെടുത്താനായി ശ്രമിക്കാമെന്ന് മാത്രം. 

 

 

അനുഷ്‌ക ഒരു ഭക്ഷണപ്രേമിയാണെന്ന് ചിത്രങ്ങള്‍ക്കൊപ്പം നല്‍കുന്ന കാപ്ഷനുകളും വ്യക്തമാക്കാറുണ്ട്. ഇളനീര്‍ കഴിക്കുമ്പോള്‍ 'ദൈവത്തിന്റെ എന്തൊരു സൃഷ്ടിയാണിത്' എന്ന കാപ്ഷനോട് കൂടിയായിരുന്നു ഇതിന്റെ ചിത്രം പങ്കുവച്ചിരുന്നത്. സന്തോഷത്തോടുകൂടി, മനസ് നിറഞ്ഞ് ഓരോന്നും കഴിക്കുന്നു എന്നത് തന്നെയാണ് ഭക്ഷണത്തെ പ്രണയിക്കുന്നവരുടെ ലക്ഷണവും. ഏതായാലും ഗര്‍ഭകാലം, ആദ്യത്തെ ചില ആശങ്കകളൊഴിച്ചാല്‍ അനുഷ്‌കയും കോലിയും ആഘോഷമാക്കുകയാണെന്നാണ് സൂചന.

Also Read:- നിറവയറുമായി അനുഷ്ക; വൈറലായി വോഗിന്റെ മുഖചിത്രം!...