ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. അതില്‍ പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. ഒപ്പം കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും ബദാം സഹായിക്കും. കൂടാതെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ബദാം നല്ലതാണ്. 

ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണം ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോഴുണ്ട്. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാകാന്‍ ഇത് സഹായിക്കും. 

ബദാം നിങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ ചില കാരണങ്ങള്‍ ഇതാ...

ഒന്ന്...

പോഷകങ്ങളാല്‍ സമ്പന്നമാണ് ബദാം. പ്രോട്ടീന്‍,  വിറ്റാമിന്‍ ഇ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, അയണ്‍,  മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ഇതിലെ വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റ് എന്നിവ അകാല വാർദ്ധക്യം തടയാന്‍ സഹായിക്കും. 

രണ്ട്...

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മൂഡ്‌ മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും. 

മൂന്ന്... 

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബദാം സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

നാല്...

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ബദാം സഹായിക്കും. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു നട്സാണ് ബദാം. 

അഞ്ച്... 

ഫൈബര്‍ ധാരാളം അടങ്ങിയ ബദാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിത വിശപ്പിനെയും ഇവ അകറ്റും. 

ആറ്...

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ബദാം. രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ബദാം സഹായിക്കും. ഒപ്പം ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. 

ഏഴ്...

എല്ലുകളുടെ ആരോഗ്യത്തിനും ബദാം നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മറ്റ് പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം ആരോഗ്യത്തെ സഹായിക്കുന്നവയാണ്.

എട്ട്...

സ്ത്രീകള്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബദാം. വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ചര്‍മ്മ സംരക്ഷണത്തില്‍ വിറ്റാമിന്‍ ഇ ഏറെ പ്രധാനപ്പെട്ടതാണ്.  ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. 

എല്ലാവര്‍ക്കും ബദാം കഴിക്കാമോ? 

ചിലര്‍ക്ക് ബദാം കഴിക്കുന്നത് അലര്‍ജി ഉണ്ടാക്കും എന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂട്രീഷനായ ഡോ. പ്രിയങ്ക പറയുന്നു. ചിലര്‍ക്ക് നട്സുകള്‍ കഴിക്കുന്നതുമൂലം വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ചിലര്‍ക്ക് ശ്വാസം മുട്ടലും ഉണ്ടാകാം. അത്തരക്കാര്‍ ബദാം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡോ. പ്രിയങ്ക പറയുന്നു.  

ബദാം ആവശ്യത്തിന്  മാത്രം കഴിച്ചാല്‍ വണ്ണം കുറയ്ക്കാനും ആരോഗ്യകരമായ തൂക്കം വര്‍ധിപ്പിക്കാനും സഹായിക്കും. എന്നാല്‍ കൂടുതലായാല്‍ ഇത് വണ്ണം കൂട്ടുമെന്ന കാര്യത്തിലും  സംശയം വേണ്ട.

Also Read: ദിവസവും ഒരു പിടി നട്സ് കഴിച്ചാൽ; പഠനം പറയുന്നത്...