ഗുവാഹതി: അസമിലെ ഒരു തേയിലത്തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന 'മനോഹരി ഗോള്‍ഡ് ടീ' എന്ന തേയില ലേലത്തില്‍ പിടിച്ചത് പൊന്നും വില കൊടുത്താണ്. കിലോഗ്രാമിന് 50000 രൂപയാണ് തേയിലക്ക് ലഭിച്ചിരിക്കുന്ന വില. ഗുവാഹതി ടീ ഓക്ഷന്‍ സെന്‍ററിലാണ് ഇന്ന് ലേലം നടന്നത്. 

കഴിഞ്ഞ വര്‍ഷം ഇതേ തേയില ലേലത്തില്‍ വിറ്റത് കിലോഗ്രാമിന്  39001 രൂപയ്ക്കാണ്. ഈ റെക്കോര്‍ഡ് തകര്‍ത്തത് ഡോനി പോളോ എസ്റ്റേറ്റില്‍ നിന്നുള്ള തേയില 4000 രൂപയ്ക്ക് ലേലം ചെയ്താണാ്. ഇതും തകര്‍ത്തിരിക്കുകയാണ് വീണ്ടും 'മനോഹരി ഗോള്‍ഡ് ടീ'. 

ഇതോടെ പൊതുലേലത്തില്‍ ഏറ്റവും വലിയ വിലയ്ക്ക് വിറ്റുപോകുന്ന തേയിലയായി മനോഹരിയെന്ന് ഗുവാഹത്തി ടീ ഓക്ഷന്‍ ബയ്യേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ദിനേഷ് ബിഹാനി പറഞ്ഞു.അഞ്ച് കിലോഗ്രാം മനോഹരി തേയിലയാണ് ഇത്തവണ ഉത്പാദിപ്പിച്ചിട്ടുള്ളത്.

കാലാവസ്ഥ ഒട്ടും അനുയോജ്യമായിരുന്നില്ലെന്ന് ഉടമ രാജന്‍ ലോഹ്യ പറഞ്ഞു. ഇലയില്‍ നിന്നല്ല, ചെറിയ മൊട്ടില്‍ നിന്നാണ് ഗോള്‍ഡന്‍ ടീ നിര്‍മ്മിക്കുന്നത്. ഇതുവളരെ ശ്രമകരമായ ജോലിയാണെന്നും ലോഹ്യ കൂട്ടിച്ചേര്‍ത്തു.