ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍  ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതിയാണ് പിന്തുടരേണ്ടത്. തണുപ്പുകാലത്ത് ശരീരത്തിന് പോഷകങ്ങള്‍ക്കൊപ്പം തന്നെ പ്രതിരോധശേഷി കൂടി ആവശ്യമാണ്. കൂടാതെ കൊറോണ കാലമായതിനാല്‍ പ്രതിരോധശക്തി ഏറ്റവും കൂടുതല്‍ ആവശ്യമായ സമയവുമാണ്.

ഈ സമയത്ത് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നമ്മുടെ ശരീരത്തിനും പ്രതിരോധ സംവിധാനത്തിനും അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.

കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഡി സഹായിക്കും. കൊവിഡ് രോഗബാധയും ശരീരത്തിലെ വിറ്റാമിന്‍ ഡി തോതും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നതായി ഗവേഷണ പഠനങ്ങളും സൂചിപ്പിക്കുന്നു. 

വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഓറഞ്ചാണ് ഈ പട്ടികയിലെ ഒന്നാമന്‍. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ ഡി അടങ്ങിയ ഒരു ഭക്ഷണമാണ് ഓറഞ്ച്. വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രണ്ട്...

വിറ്റാമിന്‍ ഡി ലഭിക്കാന്‍ ദിവസവും  പാല്‍ കുടിക്കാം. പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. പാലില്‍ കുറച്ച് മഞ്ഞള്‍ കൂടി കലര്‍ത്തി കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

മൂന്ന്...

കൂണ്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണിത്. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമായ കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

നാല്...

വിറ്റാമിൻ ഡിയുടെ മറ്റൊരു ഉറവിടമാണ് ഓട് മീല്‍. ഓട്സ് പാലില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

അഞ്ച്...

വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് 'സാൽമണ്‍' മത്സ്യം. ഇവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും ലഭിക്കും.

Also Read: മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? എളുപ്പം പരിഹരിക്കാം...