ഭക്ഷണത്തിൽ സാലഡ് ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. ബീറ്റ്റൂട്ട് കൊണ്ട് സാലഡ് ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ആരോഗ്യകരമായ ഒരു വിഭവമാണ് ബീറ്റ്റൂട്ട് സാലഡ്. 

ബീറ്റ്റൂട്ടിൽ അവശ്യ വിറ്റാമിനുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ആരോഗ്യം, അസ്ഥികളുടെ വളർച്ച, രോഗപ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ കലോറി കുറവാണ് (ഒരു കപ്പ് / 136 ഗ്രാം വേവിച്ച ബീറ്റ്റൂട്ടിൽ 60 കലോറിയിൽ കുറവാണ്). 

 അവശ്യ പോഷകങ്ങളായ കാൽസ്യം, വിറ്റാമിൻ ബി -2, വിറ്റാമിൻ ബി -12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ തെെരിൽ അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത് മൊത്തത്തിലുള്ള പ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ആരോഗ്യകരമായ ചർമ്മം എന്നിവയ്ക്ക് ഏറെ നല്ലതാണ്. ആരോ​ഗ്യകരമായ ബീറ്റ് റൂട്ട് സാലഡ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ബീറ്റ് റൂട്ട്                          1 എണ്ണം(​ഗ്രേറ്റ് ചെയ്ത് എടുത്തത്)
തെെര്                               2 കപ്പ്
ഉപ്പ്                                  ആവശ്യത്തിന്
ജീരകം വറുത്ത് പൊടിച്ചത് 1 ടീസ്പൂൺ
മുളക് പൊടി                 കാൽ ടീസ്പൂണ്‌
സവാള                           കാൽ കപ്പ് ( ചെറുതായി അരിഞ്ഞത്)
പച്ചമുളക്                       2 എണ്ണം
മല്ലിയില                         2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് വെള്ളത്തിൽ തിളപ്പിക്കുക. (ബീറ്റ്റൂട്ട് നല്ല പോലെ വേകാൻ പ്രത്യേകം ശ്രദ്ധിക്കുക). ശേഷം വേവിച്ച ബീറ്റ്റൂട്ട് ഉടച്ചെടുക്കുക. അതിലേക്ക് തൈര്, ഉപ്പ്, ജീരകം വറുത്ത് പൊടിച്ചത്,  മുളകുപൊടി, പച്ചമുളക്, സവാള, മല്ലിയില എന്നിവ ചേർത്ത് ഇളക്കുക. എല്ലാ ചേരുവകളും കൂടി യോജിപ്പിച്ച ശേഷം സാലഡ് സെറ്റാകാനായി ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ വയ്ക്കുക. ശേഷം ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ വിളമ്പുക.

തക്കാളി സൂപ്പ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ