കേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരത്തോട് പ്രിയമുള്ളവരുടെയെല്ലാം ഇഷ്ടഭക്ഷണമാണ് കേക്ക്. പല രുചിയിലും പല ഘടനയിലും പല വലിപ്പത്തിലുമെല്ലാം കേക്കുകള്‍ തയ്യാറാക്കാറുണ്ട്. അധികവും നമ്മുടെ നാട്ടില്‍ കാണാറുള്ളത് വിവിധ ഫ്‌ളേവറുകളിലുള്ള വലിയ കേക്കുകളാണ്. അതല്ലെങ്കില്‍ കപ്പ് കേക്ക് പോലുള്ള ചെറിയ കേക്കുകള്‍. 

എന്നാല്‍ എന്താണ് 'ബെന്റോ' കേക്ക്? ഇതെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്തായാലും ഇന്ത്യയിലും ഇത് 'ട്രെന്‍ഡ്' ആയി വരികയാണ്. 

പേര് കേട്ട് അമ്പരക്കുകയൊന്നും വേണ്ട. 'ബെന്റോ' എന്നാല്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളത് എന്നാണ് അര്‍ത്ഥം. ഇത് ജാപ്പനീസ് വാക്കാണ്. ചെറുതും, കഴിക്കാനും തയ്യാറാക്കാനും കൊണ്ട് നടക്കാനുമെല്ലാം എളുപ്പത്തിലുള്ളതുമായ മിനി കേക്കിനെ തന്നെയാണ് 'ബെന്റോ കേക്ക്' എന്ന് വിളിക്കുന്നത്. 

 

 

ദക്ഷിണ കൊറിയയാണ് യഥാര്‍ത്ഥത്തില്‍ 'ബെന്റോ' കേക്കുകള്‍ക്ക് വലിയ പേര് കേട്ട സ്ഥലം. ഇപ്പോള്‍ ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളിലുമെല്ലാം ഇത് തരംഗമായി മാറുന്നുണ്ട്. കൊവിഡ് കാലത്തെ പരിമിതമായ ജീവിതസൗകര്യങ്ങള്‍, പരിമിതമായ വിഭവങ്ങള്‍. പരിമിതമായ ചെലവ് എന്നിങ്ങനെയുള്ള മാറിയ സങ്കല്‍പങ്ങള്‍ നമ്മുടെ എല്ലാം ശീലങ്ങളേയും സ്വാധീനിച്ചിട്ടുണ്ട്. സ്വാഭാവികമായി ഭക്ഷണരീതിയെയും ഇത് സ്വാധീനിച്ചിരിക്കുന്നു. 

ഈ ഒരു മാറ്റത്തിന് പിന്നാലെയാണ് ഇന്ത്യയിലും കേക്ക് നിര്‍മ്മാതാക്കളും ഉപഭോക്താക്കളും 'ബെന്റോ' കേക്കുകള്‍ക്ക് കാര്യമായ ഇടം നല്‍കാന്‍ തുടങ്ങിയത്. ചുരുക്കം അംഗങ്ങളുള്ള വീടിനും, ഡയറ്റ് പാലിക്കുന്നവര്‍ക്കും, ചെലവ് ചുരുക്കണമെന്നുള്ളവര്‍ക്കുമെല്ലാം ഇത്തരത്തില്‍ ചെറിയ കേക്കുകള്‍ ഓര്‍ഡര്‍ ചെയ്യാം. കാഴ്ചയ്ക്കുള്ള ആകര്‍ഷണമാണെങ്കില്‍ തെല്ലും കുറവില്ലതാനും. 

 

 

ജപ്പാനില്‍ 'ബെന്റോ' ഫുഡ് ബോക്‌സുകള്‍ വലിയ പ്രചാരത്തിലുണ്ട്. ചോറ്, നൂഡില്‍സ്, പച്ചക്കറി, മാംസം, പഴം എന്നിവയെല്ലാം ചെറിയ അളവില്‍ അടങ്ങിയ ഒരു നേരത്തേക്ക് അത്യാവശ്യം കഴിക്കാവുന്ന ഭക്ഷണത്തിന്റെ ബോക്‌സിനെയാണ് 'ബെന്റോ ബോക്‌സ്' എന്ന് പറയുന്നത്. ഇത് വാങ്ങിക്കാനും ലഭിക്കും, വീട്ടില്‍ തന്നെ തയ്യാറാക്കുകയുമാവാം. ഈ സംസ്‌കാരത്തില്‍ നിന്നാണേ്രത പിന്നീട് 'ബെന്റോ' കേക്കുകള്‍ ഉണ്ടായത്.

Also Read:- ഒറ്റനോട്ടത്തില്‍ ബട്ടര്‍ ചിക്കന്‍ ആണെന്ന് തോന്നാം; എന്നാല്‍ സംഭവം ഇതാണ്...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona