ഡോമിനോസ് പിസയുടെ നിര്‍മ്മാതാക്കളായ ജൂബിലിയന്റ് ഫുഡ് വര്‍ക്ക്‌സ് ലിമിറ്റഡിന് ഇനി ബിരിയാണി ബ്രാന്‍ഡും. 'എക്ദം' എന്ന പേരിലാണ് കമ്പനി ഇന്ത്യയില്‍ പുതിയ ബിരിയാണി ബ്രാന്‍ഡ് ആരംഭിക്കുന്നത്. 

20 വ്യത്യസ്ത രുചികളിലുള്ള ബിരിയാണിയാണ് 'എക്ദം' പ്ലാന്‍ ചെയ്യുന്നത്. അതിപ്രശസ്തമായ ഹൈദരാബാദി നിസാമി ബിരിയാണി, ലക്‌നോവി നവാബി ബിരിയാണി, കൊല്‍ക്കട്ട ബിരിയാണി, ബട്ടര്‍ ചിക്കന്‍ ബിരിയാണി തുടങ്ങി രാജ്യത്തിന്റെ തനത് ബിരിയാണി രുചികളെല്ലാം 'എക്ദം' വിളമ്പും. 

കമ്പനി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് തീരുമാനമിട്ടിരിക്കുന്നതെന്നും ഇത് വിജയകരമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി ചെയര്‍മാന്‍ ശ്യാം എസ് ഭാട്ടിയ പറഞ്ഞു. ഗുരുഗ്രാമിലെ മൂന്ന് റെസ്റ്റോറന്റുകളുമായി സഹകരിച്ച് ആദ്യഘട്ടം നടപ്പിലാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. വീടുകളില്‍ ഡെലിവെറിയും, ടേക്ക് എവേ സൗകര്യവും പ്രത്യേകമൊരുക്കും. 

തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിക്കും. 99 രൂപ മുതലായിരിക്കും ബിരിയാണിയുടെ വിലയെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ അറിയിക്കുന്നു. ബിരിയാണിക്ക് പുറമെ കെബാബ്, കറികള്‍, ബ്രഡുകള്‍, റെയ്ത്ത- ചട്ണി വറൈറ്റികള്‍, ഡിസേര്‍ട്ട്‌സ് എന്നിവയും 'എക്ദം'മില്‍ ലഭ്യമായിരിക്കും. 

Also Read:- ഇത് ആ ക്യൂവല്ല; പുലർച്ചെ അഞ്ച് മണി മുതൽ കാത്തുനിൽക്കുന്നത് ബിരിയാണിക്കാണ്; വീഡിയോ വൈറല്‍...