Asianet News MalayalamAsianet News Malayalam

വായ വൃത്തിയായി സൂക്ഷിക്കാനും ചര്‍മ്മം ഭംഗിയാക്കാനും പതിവായി കഴിക്കേണ്ടത്...

ധാരാളം പേര്‍ പരാതിപ്പെടുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം ഒരു ചെറിയ ഡയറ്റ് ടിപ് നിര്‍ദേശിക്കുകയാണ് പ്രമുഖ ലൈഫ്സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ. ആറ് കറുത്ത ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തത് ദിവസവും കഴിക്കാനാണ് ഇദ്ദേഹം നിര്‍ദേശിക്കുന്നത്. ഇതിന്‍റെ ഗുണങ്ങളും ലൂക്ക് തന്നെ വിവരിക്കുന്നു. 

black raisin may help to reduce bad breath as well as many other health problems
Author
Trivandrum, First Published Jun 18, 2022, 2:53 PM IST

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും ഡയറ്റിലൂടെ തന്നെ ഒരളവ് വരെ ( Diet Tips ) പരിഹരിക്കാവുന്നതാണ്. പലപ്പോഴും നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഘടകങ്ങളുടെ കുറവ് മൂലമോ, ഇല്ലായ്മ മൂലമോ ആണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഭക്ഷണത്തിലൂടെ ഈ ഘടകങ്ങളെ വീണ്ടെടുക്കാനായാല്‍ അത് ഉപകാരപ്പെടുകയാണ് ചെയ്യുന്നത്. 

ഇതേ രീതിയില്‍ പതിവായി ധാരാളം പേര്‍ പരാതിപ്പെടുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം ഒരു ചെറിയ ഡയറ്റ് ടിപ് ( Diet Tips ) നിര്‍ദേശിക്കുകയാണ് പ്രമുഖ ലൈഫ്സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ. ആറ് കറുത്ത ഉണക്കമുന്തിരി ( Black Raisin ) വെള്ളത്തില്‍ കുതിര്‍ത്തത് ദിവസവും കഴിക്കാനാണ് ഇദ്ദേഹം നിര്‍ദേശിക്കുന്നത്. ഇതിന്‍റെ ഗുണങ്ങളും ലൂക്ക് തന്നെ വിവരിക്കുന്നു. 

ഫൈബര്‍ സമ്പന്നം...

ഫൈബറിനാല്‍ സമ്പന്നമാണ് എന്നതിനാല്‍ ഇത് ദഹനപ്രവര്‍ത്തനങ്ങളെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പതിവായി നേരിടുന്നവര്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും. വയറിന്‍റെ ആരോഗ്യം ഈ രീതിയില്‍ മെച്ചപ്പെടുന്നത് ആകെ ആരോഗ്യത്തെയും ഗുണകരമായി സ്വാധീനിക്കുന്നു. മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തെയും ഇത് സ്വാധീനിക്കുന്നു. 

വിശപ്പിന് ശമനം...

കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി ( Black Raisin ) കഴിക്കുന്നത് ഏറെ നേരത്തേക്ക് വിശപ്പിനെ ശമിപ്പിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കുകയും വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

അയേണും കാത്സ്യവും പൊട്ടാസ്യവും...

കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കാത്സ്യം, പൊട്ടാസ്യം, അയേണ്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. വിളര്‍ച്ച പോലുള്ള പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അയേണ്‍ ആവശ്യമാണ്. അതുപോലെ തന്നെ കാത്സ്യത്തിനും പൊട്ടാസ്യത്തിനുമെല്ലാം നമ്മുടെ ശരീരത്തില്‍ വിവിധ ധര്‍മ്മങ്ങളുണ്ട്. എല്ലിനെ ശക്തിപ്പെടുത്താന്‍ ആണ് കാത്സ്യേ ഏറ്റവുമധികം സഹായിക്കുന്നതെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ എല്ലുതേയ്മാനത്തെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. 

ബിപി നിയന്ത്രിക്കാന്‍...

പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് എന്നതിനാല്‍ ബിപിയുള്ളവര്‍ കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. അതുപോലെ കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്കും കറുത്ത ഉണക്കമുന്തിരി നല്ലതാണ്. ഹൃദ്രോഗത്തെയും ചെറിയൊരു പരിധി വരെ നിയന്ത്രിക്കാൻ ഉണക്കമുന്തിരിക്ക് കഴിയും. 

വായയുടെ ശുചിത്വം...

ചിലര്‍ വായ്നാറ്റം കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. അത്തരക്കാര്‍ക്ക് ഒരു പരിഹാരമെന്ന നിലയില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി. ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള ഇതിന്‍റെ കഴിവാണ് വായയെ ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നത്. 

ചര്‍മ്മത്തിനും നല്ലത്...

ചര്‍മ്മം ആരോഗ്യത്തോടെയും ഭംഗിയോടെയും കൊണ്ടുപോകുന്നതിന്  ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണ്. അത്തരത്തില്‍ ചര്‍മ്മത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ് കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി. രക്തയോട്ടം വര്‍ധിപ്പിക്കാനും ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാനും സഹായിക്കുന്നുവെന്നതിനാലാണ് പ്രധാനമായും ഇത് ചര്‍മ്മത്തിന് ഗുണകരമായി വരുന്നത്.

Also Read:- കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Follow Us:
Download App:
  • android
  • ios