ഭക്ഷണകാര്യത്തില്‍ സന്ധി ചെയ്യാന്‍ മിക്കവരും തയ്യാറാകാറില്ല. പ്രത്യേകിച്ച് ഇഷ്ടഭക്ഷണങ്ങളുടെ കാര്യത്തില്‍. പുതുമകള്‍ വരുത്താനായി പ്രിയപ്പെട്ട വിഭവങ്ങളില്‍ അധികം പരീക്ഷണങ്ങള്‍ നടത്താന്‍ പോലും മടിക്കുന്നവരാണ് നമ്മളില്‍ അധികം പേരും. എങ്കിലും ചില പരീക്ഷണങ്ങളെക്കുറിച്ച് അറിയാനും കേള്‍ക്കാനുമെങ്കിലും താല്‍പര്യപ്പെടാറുണ്ട്.

എന്നാല്‍ അറിയാന്‍ പോലും താല്‍പര്യപ്പെടാത്ത അത്രയും വിചിത്രമായ പരീക്ഷണങ്ങളാണെങ്കിലോ? അത്തരമൊരു പരീക്ഷണത്തെ കുറിച്ച് ഒരു ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ പൊങ്കാലയിടുകയാണ് ഭക്ഷണപ്രേമികള്‍ ഇപ്പോള്‍. 

ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യന്‍ വിഭവമാണ് ബിരിയാണി. പുതുമകള്‍ക്കായി ബിരിയാണിയോടൊപ്പം മറ്റ് പല ഭക്ഷണസാധനങ്ങളും 'കോംബോ' ആയി വരാറുണ്ട്. ചിലതെല്ലാം നമുക്ക് ഉള്‍ക്കൊള്ളാവുന്നതായിരിക്കും. മറ്റ് ചിലത് അത്ര ഇഷ്ടം പിടിച്ചുപറ്റാതെയും പോകാറുണ്ട്. എന്നാല്‍ ഇത് സഹിക്കാവുന്നതിലും അധികമാണെന്നാണ് ഭക്ഷണപ്രേമികള്‍ പറയുന്നത്. 

മറ്റൊന്നുമല്ല, ബിരിയാണിയും 'ന്യൂട്ടെല്ല' ചോക്ലേറ്റുമാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്ന 'വ്യത്യസ്ത'മായ 'കോംബോ'. അല്‍പം വിചിത്രമായ 'മിക്‌സിംഗ്' ആയതുകൊണ്ട് തന്നെ വമ്പന്‍ പ്രതിഷേധമാണ് ബിരിയാണി ആരാധകര്‍ ഇതില്‍ അറിയിക്കുന്നത്. 

 

 

'പൊലീസിനെ വിളിച്ച് ആരെങ്കിലും ഇതൊന്ന് അറിയിക്കണം...', 'ഈ കോംബോ കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം...', എന്നുതുടങ്ങി അസഭ്യം വരെ വിളിച്ചുകൊണ്ടാണ് പലരും പ്രതികരിച്ചിരിക്കുന്നത്. എന്തായാലും 'വറൈറ്റി' ബിരിയാണി ഫേസ്ബുക്കില്‍ വ്യാപകമായ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

Also Read:- 'ധോണിക്ക് ബിരിയാണി കൊടുക്കാത്തതാവും ടീമില്‍ നിന്ന് പുറത്താവാന്‍ കാരണം'!: മുഹമ്മദ് കൈഫ്...