ഷൂട്ട് ഷെഡ്യൂള്‍ പാക്കപ്പ് വേളയിലെ ആഘോഷത്തിലായിരുന്നു താരം. പിസ, ബര്‍ഗര്‍, പാസ്ത എന്നിവയെല്ലാം ചിത്രത്തില്‍ കാണാം

ബോളിവുഡിലെ ശ്രദ്ധേയരായ യുവനടന്മാരില്‍ ഒരാളാണ് കാര്‍ത്തിക് ആര്യന്‍ ( Kartik Aaaryan ). സോഷ്യല്‍ മീഡിയയിലും ( Social Media )ധാരാളം ആരാധകരുള്ള താരമാണ് കാര്‍ത്തിക്. പ്രത്യേകിച്ചും യുവ ആരാധകരാണ് കാര്‍ത്തികിന് ഏറെയുമുള്ളത്. തന്റെ സിനിമാവിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ഇന്ന് സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരും, പ്രത്യേകിച്ച്താരങ്ങള്‍ എല്ലാം തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ്. കാര്‍ത്തിക്കും അങ്ങനെ തന്നെ. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പാലിക്കുന്നയാളാണ് മുപ്പത്തിയൊന്നുകാരനായ താരം. 

എന്നാല്‍ ഫിറ്റ്‌നസിന് വേണ്ടി ഭക്ഷണകാര്യങ്ങളില്‍ അത്രയൊന്നും വിട്ടുവീഴ്ച ചെയ്യാനും കാര്‍ത്തിക് തയ്യാറാകാറില്ല. മറ്റ് പല താരങ്ങളെയും പോലെ തന്നെ 'ഫുഡീ' ആണെന്ന് സ്വയം പ്രഖ്യാപിക്കുന്നൊരാളാണ് കാര്‍ത്തിക്. ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇക്കാര്യം വ്യക്തമാക്കാറുമുണ്ട്. 

അത്തരത്തില്‍ കാര്‍ത്തിക് ഇന്ന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചൊരു ചിത്രമാണിത്. 'ക്രിസ്മസി ബ്രഞ്ച്' എന്ന അടിക്കുറിപ്പുമായാണ് ചിത്രം പങ്കുവച്ചത്. ഫിറ്റ്‌നസ് തല്‍പരരായവര്‍ കഴിക്കാന്‍ മടിക്കുന്ന ബര്‍ഗര്‍ അടക്കമുള്ള ഭക്ഷണമാണ് കാര്‍ത്തിക് ഏറെ ആസ്വദിച്ച് കഴിക്കുന്നത്. 

ഷൂട്ട് ഷെഡ്യൂള്‍ പാക്കപ്പ് വേളയിലെ ആഘോഷത്തിലായിരുന്നു താരം. പിസ, ബര്‍ഗര്‍, പാസ്ത എന്നിവയെല്ലാം ചിത്രത്തില്‍ കാണാം. ഫിറ്റ്‌നസിന് വേണ്ടി ഇഷ്ടഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കേണ്ടതില്ലെന്ന അഭിപ്രായം പലരും ഉയര്‍ത്താറുണ്ട്. ഇതുതന്നെയാണ് കാര്‍ത്തിക്കിന്റെ ചിത്രവും പറയാതെ പറയുന്നത്. 

ഫിറ്റ്‌നസ് ഫ്രീക്കുകളായ മലൈക അറോറ, ആലിയ ഭട്ട്, കരീന കപൂര്‍ തുടങ്ങി ബോളിവുഡില്‍ നിന്നുള്ള പല താരങ്ങളും ഇത്തരത്തില്‍ ഭക്ഷണത്തോടുള്ള പ്രണയം നിലനിര്‍ത്തിക്കൊണ്ട് തന്നെ ശരീരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇതും യുവാക്കളെ സംബന്ധിച്ച് ഏറെ പ്രചോദനം പകരുന്ന കാഴ്ച തന്നെയാണ്. 

നിലവില്‍ 'ഷെഹ്‌സാദ' എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് കാര്‍ത്തിക്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read:- 'റിയല്‍ ഫുഡീ'; മലൈക പങ്കുവച്ച ചിത്രം നോക്കൂ...