ഒരു 'റിയല്‍ ഫൂഡീ' ആണ് മലൈകയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ ആരാധകര്‍ ഈ അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ( Fitness Training ) സന്ധി ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍ ( Bollywood Stars ). സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും ഫിറ്റ്‌നസ് പരിശീലനം മുടക്കാത്തവരാണ് ബോളിവുഡില്‍ നിന്നുള്ള മിക്ക സെലിബ്രിറ്റികളും. 

ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടൊരു പേരാണ് മലൈക അറോറയുടേത്. വര്‍ഷങ്ങളായി സിനിമയില്‍ സജീവമല്ല മലൈക. എങ്കിലും വര്‍ക്കൗട്ടും യോഗയും ഡയറ്റുമെല്ലാം കൃത്യമായി കൊണ്ടുപോകുന്നയാളാണ് മലൈക. 

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം 'ഡിമാന്‍ഡ്' ഉള്ള വര്‍ക്കൗട്ട് വീഡിയോകളില്‍ മുന്‍നിരയിലാണ് മലൈകയുടെ സ്ഥാനം. നാല്‍പത്തിയെട്ടാം വയസിലും മങ്ങാതെയും, ക്ഷീണിക്കാതെയും ചെറുപ്പം കൊണ്ടുനടക്കുന്നതിന്റെ രഹസ്യമാണ് ഏവര്‍ക്കും മലൈകയില്‍ നിന്ന് അറിയേണ്ടത്. 

ആദ്യമേ സൂചിപ്പിച്ചത് പോലെ വര്‍ക്കൗട്ടിനും യോഗയ്ക്കുമെല്ലാം കാര്യമായ പ്രാധാന്യം നല്‍കുന്നുവെന്നത് തന്നെയാണ് മലൈകയുടെ യുവത്വത്തിന് പിന്നിലെ ഒരു രഹസ്യം. ഒപ്പം ഡയറ്റും പാലിക്കുന്നുണ്ടെങ്കിലും താനൊരു തികഞ്ഞ 'ഫൂഡീ' ആണെന്നാണ് മലൈക തന്നെ ആരാധകരോട് പറയാറുള്ളത്.

മലൈകയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം ഇക്കാര്യം വ്യക്തമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പങ്കുവച്ചൊരു ചിത്രം നോക്കൂ. 

ഒരു ബൗളില്‍ വിളമ്പിയിരിക്കുന്ന സ്പഗെറ്റിയാണ് ചിത്രത്തിലുള്ളത്. ഹെര്‍ബുകളും സ്‌പൈസുകളും ചേര്‍ത്ത് ഇതിനെ 'റിച്ച്' ആയാണ് വിളമ്പിയിരിക്കുന്നത്. താനൊരു ഭക്ഷണപ്രേമിയാണെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരുന്നത്. 'ബൗളില്‍ വിളമ്പിവച്ചിരിക്കുന്ന ഭക്ഷണത്തിന് എപ്പോഴും രുചി കൂടുതലായി തോന്നും' എന്നായിരുന്നു അടിക്കുറിപ്പ്. 

ഇടയ്ക്കിടെ ഇത്തരത്തില്‍ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ മലൈക പങ്കുവയ്ക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയുടെ തനത് വിഭവങ്ങളുള്‍ക്കൊള്ളിച്ചൊരു പ്ലാറ്ററിന്റെ ചിത്രം മലൈക പങ്കുവച്ചിരുന്നു. വൈറ്റ് റൈസ് കൊണ്ട് തയ്യാറാക്കുന്ന 'വരണ്‍ ബാത്' എന്ന വിഭവവും, ഉള്ളിയും തക്കാളിയും മുളകും സ്‌പൈസുകളും ചേര്‍ത്ത് തയ്യാറാക്കിയ പരിപ്പും, നെയ്യും, പച്ചമുളകും, അച്ചാറുമായിരുന്നു ഇതിലുണ്ടായിരുന്നത്. 

View post on Instagram

ഇങ്ങനെ തനത് രുചികളോട് ഏറെ പ്രിയം കാണിക്കുന്നയാളാണ് മലൈക. ഫിറ്റ്‌നസിനൊപ്പം തന്നെ ഭക്ഷണത്തോടുള്ള പ്രണയവും എങ്ങനെ കൊണ്ടുപോകണമെന്നതിന് മലൈകയെ നമുക്ക് മാതൃകയാക്കാവുന്നതാണ്. മലൈക മാത്രമല്ല, സുഹൃത്തുക്കളും താരങ്ങളുമായ കരീഷ്മ കപൂര്‍, കരീന കപൂര്‍, മസബ ഗുപ്ത, റിയ കപൂര്‍ എന്നിവരെല്ലാം തന്നെ ഒരുമിച്ച് കൂടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പങ്കുവയ്ക്കാറുള്ളത് തങ്ങളുടെ ഭക്ഷണങ്ങളുടെ ചിത്രങ്ങളാണ്. 

ഒരു 'റിയല്‍ ഫൂഡീ' ആണ് മലൈകയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ ആരാധകര്‍ ഈ അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്. ഭക്ഷണം ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ കൂടി സന്തോഷവും സംതൃപ്തിയും നിര്‍ണയിക്കുന്നതാണന്ന തത്വം തന്നെയാണ് ഭക്ഷണത്തെ ആഘോഷിക്കുന്നതിലൂടെ ഇവരെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Also Read:- തിളച്ച എണ്ണയില്‍ കൈ മുക്കി ചിക്കന്‍ ഫ്രൈ പുറത്തെടുക്കുന്നു; വൈറലായ വീഡിയോ