ആവശ്യമായ ഘടകങ്ങളാൽ സമ്പന്നമായ, ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയം ആണ് പാല്‍. ശരീരത്തിന്  ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് ഇവയുടെ മേൻമയാണ്. 

പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ഏറ്റവും മികച്ച ആരോഗ്യം നൽകും. എല്ലാത്തരം അമിനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. കുട്ടികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്‍റെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് നല്ലതെന്നാണ് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്.

പശു, ആട്, എരുമ എന്നിവയുടെ പാലാണ് പ്രധാനമായും നാം കുടിക്കുന്നത്. ഇവ മൂന്നും ശരീരത്തിന് ഏറ്റവും ഗുണകരം തന്നെയാണ്. എങ്കിലും പശുവിന്‍റെ പാലാണോ എരുമപ്പാലാണോ മികച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും പല ചര്‍ച്ചകളും നടക്കുന്നു. 

100 മില്ലി ലിറ്റർ പശുവിൻ പാലിൽ 86 ഗ്രാം വെള്ളമാണ്. എന്നാല്‍ എരുമപ്പാലില്‍  80 ഗ്രാം മാത്രമാണ് വെള്ളം അടിങ്ങിയിട്ടുള്ളത്. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 3.26 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. എരുമപ്പാലില്‍ അത് 3.68 ഗ്രാമാണ്. അതിനാല്‍ പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ ഉള്ളത് എരുമപ്പാലില്‍ ആണ്. 

അതേസമയം, എരുമപ്പാലില്‍ പശുവിന്‍ പാലിനേക്കാള്‍ കൊഴുപ്പും, ഖരപദാര്‍ത്ഥങ്ങളും കൂടുതലുണ്ട്. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 4.48 ഗ്രാം ഫാറ്റ് ആണ് അടങ്ങിയിരിക്കുന്നത് എങ്കില്‍ എരുമപ്പാലില്‍ അത് 6.58 ആണ്. അതിനാല്‍ എരുമപ്പാല്‍ പതിവായി കുടിക്കുന്നവരുടെ ശരീരത്തില്‍ കൊഴുപ്പ് അടിയാനും കൊളസ്ട്രോള്‍ , അമിതവണ്ണം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. 
കാര്‍ബോഹൈട്രേറ്റും എരുമപ്പാലില്‍ പശുവിന്‍റെ പാലിനെക്കാള്‍ ഇരട്ടിയാണ് അടങ്ങിയിരിക്കുന്നത്. 

ഫാറ്റും കാര്‍ബോഹൈട്രേറ്റും കുറവായതിനാല്‍ പശുവിന്‍റെ പാലാണ് കൂടുതല്‍ നല്ലത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പശുവിന്‍ പാല്‍ പെട്ടെന്ന് ദഹിക്കുകയും ചെയ്യും. അതേസമയം, പനീര്‍, യോഗര്‍ട്ട്  തുടങ്ങിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ എരുമപ്പാല്‍ ആണ് ഏറെ അനുയോജ്യമെന്നും വിദഗ്ധര്‍ പറയുന്നു. കാത്സ്യം കൂടുതല്‍ അടങ്ങിയിരിക്കുന്നത് എരുമപ്പാലിലാണ്. ഫോസ്ഫറസ് പശുവിന്‍പാലിലും. 

Also Read: കൊറോണക്കാലത്ത് പാല്‍ പായ്ക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...