മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമാതാരങ്ങളെല്ലാം സമൂഹമാധ്യങ്ങളില്‍ സജീവമായിരിക്കുന്ന കാലമാണിത്. ലോക്ഡൗണ്‍ കൂടിയായതോടെ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി വ്യക്തിപരമായ വിശേഷങ്ങള്‍ കൂടി താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട് എന്നതാണ് സത്യം. 

ഇക്കൂട്ടത്തില്‍ മിക്കപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുള്ള താരമാണ് ദീപിക പദുകോണ്‍. ദീപിക മാത്രമല്ല, ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗും സമൂഹമാധ്യങ്ങളില്‍ സജീവമാണ്. 

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം വലിയ വരവേല്‍പാണ് ലഭിക്കാറ്. 'മാതൃകാ താരദമ്പതികള'ായാണ് ആരാധകര്‍ ഇവരെ കാണുന്നത് തന്നെ. മിക്കവാറും വളരെ 'പൊസിറ്റീവ്' ആയതോ, 'ഫണ്‍' ലക്ഷ്യമിടുന്നതോ ആയിരിക്കും ഇരുവരുമൊന്നിച്ചുള്ള പോസ്റ്റുകളെല്ലാം. 

കൊവിഡ് കാലത്ത് നമ്മള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ഇത്തരം ഇടപെടലുകള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകേണ്ടതും. ഇന്ന് ദീപിക പങ്കുവച്ച ഒരു വീഡിയോ ഇതിന് ഉത്തമ ഉദാഹരണമാണ്. 

രണ്‍വീറിന്റെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ആറിന്. അന്ന് വാങ്ങിയ പിറന്നാള്‍ കേക്ക് ആഴ്ച മുഴുവന്‍ കഴിച്ചുകൊണ്ടിരിക്കുകയാണെന്ന അടിക്കുറിപ്പുമായാണ് 'ജിഫ്' പരുവത്തിലുള്ള രസകരമായ വീഡിയോ ദീപിക പങ്കുവച്ചിരിക്കുന്നത്. 

 

 

സ്പൂണില്‍ സ്വന്തം മുഖം നോക്കുന്ന ദീപികയെയാണ് വീഡിയോയില്‍ കാണുന്നത്. നിരവധി ആരാധകരാണ് രസകരമായ വീഡിയോയോട് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. വീഡിയോയെക്കാളും അതിന്റെ അടിക്കുറിപ്പ് തന്നെയാണ് മിക്കവരേയും ആകര്‍ഷിച്ചിരിക്കുന്നത്. 

ഭര്‍ത്താവിന്റെ പിറന്നാള്‍ കൊണ്ട് ഭാര്യക്ക് ഇങ്ങനെ ചില പ്രയോജനങ്ങളുണ്ടെന്നും, ലോക്ഡൗണ്‍ ആയതില്‍ പിന്നെ പിറന്നാള്‍ കേക്കുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്- ആരും കഴിക്കാനില്ലാത്തതിനാല്‍ ദിവസവും വീട്ടുകാര്‍ തന്നെ കഴിച്ചുതീര്‍ക്കേണ്ട സാഹചര്യമാണെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു.

Also Read:- കാട്ടിനുള്ളിലെ വിവാഹവാര്‍ഷിക ആഘോഷം; ഒടുവില്‍ 'സസ്‌പെന്‍സ്'...