ആഘോഷാവസരങ്ങളെ എത്രമാത്രം വ്യത്യസ്തവും പുതുമയും ഉള്ളതുമാക്കാമെന്നാണ് മിക്കവരും നോക്കുന്നത്. അത്തരത്തില്‍ വ്യത്യസ്തമായി നടത്തിയ ഒരു വിവാഹ വാര്‍ഷികാഘോഷത്തിനിടെ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. 

സംഗതി, കൊവിഡിനുമൊക്കെ മുമ്പ് പോയ വര്‍ഷത്തിലെപ്പോഴോ നടന്നതാണ്. ഇപ്പോള്‍ ഐഎഫ്എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദ പങ്കുവച്ചതോടെയാണ് വീഡിയോ വീണ്ടും ട്വിറ്ററില്‍ ശ്രദ്ധ നേടുന്നത്. 

കാട്ടിനുള്ളില്‍ വച്ചാണ് ആഘോഷം. പാറപ്പുറത്ത് കേക്ക് വച്ചിരിക്കുന്നു. തുടര്‍ന്ന് സന്തോഷത്തോടെ കേക്ക് കട്ടിംഗിലേക്ക്. ആദ്യ കഷ്ണമെടുത്ത് ആഘോഷത്തിന് തുടക്കമിടുന്നതിനിടെ അപ്രതീക്ഷിതമായ ഒരാക്രമണം. എവിടെ നിന്നോ ഓടിയെത്തിയ ഒരു കുരങ്ങനാണ് വില്ലന്‍. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കേക്ക് മുഴുവനായി കയ്യിലെടുത്ത്, തൊട്ടടുത്തുള്ള മരത്തിന് മുകളിലേക്ക് അത് ഒറ്റയോട്ടമാണ്. ആര്‍ക്കും ഒന്നും ചെയ്യാനുള്ള സമയം പോലും കിട്ടിയില്ല.

 

 

'കാട്ടിനുള്ളിലെ വിവാഹ വാര്‍ഷികാഘോഷം, സര്‍പ്രൈസുണ്ട്' എന്ന അടിക്കുറിപ്പുമായി സുശാന്ത നന്ദ പങ്കുവച്ച വീഡിയോ 11,000 പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

Also Read:- 'മാസ്ക് മുഖ്യം'; കൈയില്‍ കിട്ടിയ തുണിക്കഷ്ണം മുഖാവരണമാക്കി കുരങ്ങന്‍; വീഡിയോ വൈറല്‍...