നിങ്ങളുടെ തലമുടിയുടെയും ചർമ്മത്തിന്‍റെയും ആരോഗ്യത്തിനായി കഴിക്കേണ്ട പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളും ഡോ. ജുഷ്യ സരിൻ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 

വിലകൂടിയ ബ്രാന്‍റഡ് ഉൽപ്പന്നങ്ങളിലൂടെയോ സലൂൺ ചികിത്സകളിലൂടെയോ മാത്രമേ ആരോഗ്യമുള്ള തലമുടിയും തിളക്കമുള്ള ചർമ്മവും നേടാനാകൂ എന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഇതിന്‍റെയൊന്നും ആവശ്യമില്ലെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ജുഷ്യ സരിൻ. നിങ്ങളുടെ തലമുടിയുടെയും ചർമ്മത്തിന്‍റെയും ആരോഗ്യത്തിനായി കഴിക്കേണ്ട പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളും ഡോ. ജുഷ്യ സരിൻ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

സൂര്യകാന്തി വിത്തുകളും കശുവണ്ടിയും സിങ്ക് സമ്പുഷ്ടമായതിനാൽ ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് തലമുടിയുടെ വളർച്ചയ്ക്ക് നല്ലതാണ് എന്നാണ് ഡോ. ജുഷ്യ സരിൻ പറയുന്നത്. ഇതോടൊപ്പം, പാലും പനീറും വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടങ്ങളായതിനാൽ ഇവ അകാലനര അകറ്റാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുമത്രേ.

പപ്പായ, മാതളം എന്നിവയില്‍ വിറ്റാമിൻ എ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അതുപോലെ ഓറഞ്ചും കുതിർത്ത ബദാമും കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. അതിനാല്‍ ഇവ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തെ ജലാംശം നിലനിർത്തുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നും ഡോ. സരിൻ വീഡിയോയില്‍ പറയുന്നു.

View post on Instagram