വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് അസിഡിറ്റി, നിർജ്ജലീകരണം, മാനസിക പിരിമുറുക്കം എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകും.

പലരുടെയും രാവിലെയുള്ള തുടക്കം ഒരു കപ്പ് കടുപ്പമേറിയ കാപ്പിയിലാണ്. അത് ഉന്മേഷം തരുമെങ്കിലും കുറച്ചു സമയത്തിന് ശേഷം ശരീരത്തിന് തളർച്ച, അസിഡിറ്റി, നെഞ്ചിടിപ്പ് എന്നിവ അനുഭവപ്പെടാറുണ്ട്. വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് അസിഡിറ്റി, നിർജ്ജലീകരണം, മാനസിക പിരിമുറുക്കം എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകും. കൂടാതെ ശരീരത്തിലെ ഊർജ്ജത്തെയും സമ്മർദ്ദത്തെയും നിയന്ത്രിക്കുന്ന കോർട്ടിസോൾ ഹോർമോണിന്റെ പ്രവർത്തനത്തെയും ഇത് ബാധിക്കാം. അതിനാൽ രാവിലത്തെ കാപ്പിക്ക് പകരം ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം സ്വാഭാവികമായി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ പാനീയങ്ങൾ കുടിക്കൂ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. ജീരക വെള്ളം

ജീരക വെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഫലപ്രദമായി ഇല്ലാതാക്കാനും വെറുംവയറ്റിൽ കുടിക്കുമ്പോൾ വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കാനും സഹായിക്കും.

2. ആപ്പിൾ സിഡർ വിനഗർ

ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനഗർ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഇത് അനാവശ്യമായ വിശപ്പ് കുറയ്ക്കാനും നല്ലതാണ്.

3. ചിയ സീഡ് വെള്ളം

ഫൈബറാൽ സമ്പന്നമായ ചിയ സീഡുകൾ വെള്ളത്തിലിടുമ്പോൾ കുതിർന്നു വലുതാകുന്നു. ഇത് കുടിക്കുന്നത് രാവിലെ ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാനും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

4. ചെറുനാരങ്ങ-തേൻ വെള്ളം

ചെറുനാരങ്ങയിലെ വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടുന്നു. ഇതിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം കൂട്ടി ദഹനം സുഗമമാക്കും.

5. കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾ മാറ്റാനും കൃത്യമായ മലവിസർജ്ജനത്തിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ അത്യാവശ്യമാണ്.

6. ഇഞ്ചി ചായ

ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കാനും ദഹനത്തിനും മികച്ചതാണ്. ഇത് ഓക്കാനം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

7. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.