കൂടെക്കൂടെ വല്ലതും കഴിക്കണമെന്ന് തോന്നിയാല്‍ ഏറ്റവും നല്ല ഭക്ഷണസാധനങ്ങള്‍ തന്നെ കഴിക്കാൻ തെരഞ്ഞെടുക്കുക. ഇങ്ങനെ കഴിക്കാവുന്നൊരു വിഭാഗം വിഭവങ്ങളാണ് നട്ട്സ്. ഏതെല്ലാം നട്ട്സ് ആണ് കഴിക്കേണ്ടത്- ഇവയെല്ലാം എങ്ങനെ കഴിക്കാം എന്നുകൂടി അറിയാം...

ചിലര്‍ക്ക് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിക്കുകയോ കൊറിക്കുകയോ വേണം. ഇത് വിശപ്പുകൊണ്ടോ, അല്ലെങ്കില്‍ ശരീരം ആവശ്യപ്പെടുന്നത് കൊണ്ടോ ഒന്നുമല്ല. അതവരുടെ ശീലവും സന്തോഷവും ആയിരിക്കും. എന്നാലീ ശീലം എത്രമാത്രം ദോഷകരമാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കാരണം നാം ആവശ്യത്തിനല്ലാതെ ഭക്ഷണസാധനങ്ങള്‍ കഴിച്ചുകൊണ്ടേയിരിക്കുന്നത് വയറിന് മാത്രമല്ല ആകെ ആരോഗ്യത്തിനും ദോഷമാണ്. 

എന്നാല്‍ പലര്‍ക്കും ഈ ശീലത്തില്‍ നിന്ന് അങ്ങനെയൊന്നും മോചിതരാകാനും സാധിക്കാറില്ല. ഇങ്ങനെ വരുമ്പോള്‍ മറ്റെന്തെങ്കിലും ഉപായത്തിലൂടെ വേണം ഈ ദുശ്ശീലത്തില്‍ നിന്ന് പുറത്തുകടക്കാൻ. അങ്ങനെ ചെയ്യാവുന്നൊരു കാര്യമാണിനി പങ്കുവയ്ക്കുന്നത്.

അതായത് കൂടെക്കൂടെ വല്ലതും കഴിക്കണമെന്ന് തോന്നിയാല്‍ ഏറ്റവും നല്ല ഭക്ഷണസാധനങ്ങള്‍ തന്നെ കഴിക്കാൻ തെരഞ്ഞെടുക്കുക. ഇങ്ങനെ കഴിക്കാവുന്നൊരു വിഭാഗം വിഭവങ്ങളാണ് നട്ട്സ്. ഏതെല്ലാം നട്ട്സ് ആണ് കഴിക്കേണ്ടത്- ഇവയെല്ലാം എങ്ങനെ കഴിക്കാം എന്നുകൂടി അറിയാം...

ഒന്ന്...

ബദാം:- ആരോഗ്യകരമായ കൊഴുപ്പിന്‍റെ മികച്ച ഉറവിടമാണ് ബദാം. അതുപോലെ ഫൈബറിന്‍റെയും പ്രോട്ടീന്‍റെയും. ഇക്കാരണം കൊണ്ടുതന്നെ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയില്ല. പക്ഷേ മിതമായ അളവില്‍ നിര്‍ത്തേണ്ടതുണ്ട്. ഇത് അധികം കഴിക്കാനും സാധിക്കില്ല. കാരണം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് മതിയെന്ന് തോന്നാം. കാര്‍ബ്, തലോറി, വൈറ്റമിൻ-ഇ, മഗ്നീഷ്യം, മാംഗനീസ് എന്നിങ്ങനെ അവശ്യഘടകങ്ങള്‍ പലതും ബദാമിലുണ്ട്.

രണ്ട്...

പിസ്ത:- പിസ്തയും ഇതുപോലെ എന്തെങ്കിലും കൊറിക്കണമെന്ന ആവശ്യം വരുമ്പോള്‍ കഴിക്കാവുന്നൊരു നട്ട് ആണ്. പ്രത്യേകിച്ച് വണ്ണം കൂടാതിരിക്കാൻ സഹായിക്കുന്നൊരു ഹെല്‍ത്തി സ്നാക്ക് കൂടിയാണിത്. പ്രോട്ടീൻ, ആന്‍റി-ഓക്സിഡന്‍റ്സ്, ഫൈബര്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് പിസ്ത. ഇത് ദിവസവും ആണെങ്കില്‍ ഒരു പിടിയിലധികം കഴിക്കുകയേ അരുത്. പൊട്ടാസ്യം, കോപ്പര്‍ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ഘടകങ്ങളും പിസ്തയില്‍ അടങ്ങിയിരിക്കുന്നു.

മൂന്ന്...

വാള്‍നട്ട്സ്:- ഹൃദയാരോഗ്യസംബന്ധമായ പ്രശ്നങ്ങളകറ്റുന്നതിനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഒരുപാട് സഹായിക്കുന്ന ഭക്ഷണമാണ് വാള്‍നട്ട്സ്. ഫൈബര്‍, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളെല്ലാം വാള്‍നട്ട്സിലടങ്ങിയിരിക്കുന്നു. ഇതും മിതമായ അളവിലേ കഴിക്കാവൂ. അത്രതന്നെയേ സാധാരണഗതിയില്‍ കഴിക്കാനും കഴിയൂ.

നാല്...

കപ്പലണ്ടി:- നമ്മുടെ നാട്ടില്‍ സുലഭമായിട്ടുള്ള നട്ട്സ് കപ്പലണ്ടി ആണെന്ന് തന്നെ പറയാം. ഇതിനും ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. പ്രോട്ടീൻ ആണ് കപ്പലണ്ടിയുടെയും പ്രധാന സവിശേഷത. കാര്‍ബ്, ഫൈബര്‍, വൈറ്റമിനുകള്‍, മഗ്നീഷ്യം എന്നിങ്ങനെ പലവിധ ഘടകങ്ങള്‍ കൂടിയാകുമ്പോള്‍ കപ്പലണ്ടി സമ്പന്നമായ വിഭവമാകുന്നു. ഇതും ഒരുപിടിയില്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല. 

അഞ്ച്...

ഹേസില്‍നട്ട്സ്:- നമ്മുടെ നാട്ടില്‍ അധികംപേരും സാധാരണയായി കഴിക്കാത്തൊരു നട്ട് ആണ് ഹേസില്‍നട്ട്സ്. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീൻ, വൈറ്റമിനുകള്‍, മഗ്നീഷ്യം, മാംഗനീസ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെ പല ഘടകങ്ങളുടെയും മികച്ച സ്രോതസാണ് ഹോസില്‍നട്ട്സ്. ഇത് ഇന്ന് വിപണിയില്‍ വാങ്ങിക്കാൻ ലഭ്യമാണ്. ഇവയും മിതമായ അളവില്‍ കഴിക്കാവുന്നതാണ്.

Also Read:- വയറിനെ ബാധിക്കുന്ന പ്രശ്നങ്ങളകറ്റാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo