സാധാരണ മിൽക്ക് ചോക്ലേറ്റുകളെ അപേക്ഷിച്ച് ഡാർക്ക് ചോക്ലേറ്റിൽ കൊക്കോയുടെ അളവ് കൂടുതലും പഞ്ചസാരയുടെ അളവ് വളരെ കുറവുമായിരിക്കും.
ഡാർക്ക് ചോക്ലേറ്റ് വെറുമൊരു ചോക്ലേറ്റ് മാത്രമല്ല, മിതമായ അളവിൽ കഴിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണിത്. സാധാരണ മിൽക്ക് ചോക്ലേറ്റുകളെ അപേക്ഷിച്ച് ഡാർക്ക് ചോക്ലേറ്റിൽ കൊക്കോയുടെ അളവ് കൂടുതലും പഞ്ചസാരയുടെ അളവ് വളരെ കുറവുമായിരിക്കും. അതുകൊണ്ട് തന്നെ മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശരീരത്തിൽ അമിതമായി പഞ്ചസാര എത്താതെ മധുരം കഴിക്കാൻ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കാം. ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റുകൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ദിവസവും രണ്ട് കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ, ഈ ഗുണങ്ങൾ ലഭിക്കും.
1. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും, ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
2. മഗ്നീഷ്യത്തിന്റെ കലവറ
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. പേശികളുടെ പ്രവർത്തനത്തിനും അവയ്ക്ക് അയവ് വരുത്തുന്നതിനും മഗ്നീഷ്യം വളരെ അത്യാവശ്യമാണ്. ഇത് പേശിവലിവും ശാരീരിക അസ്വസ്ഥതകളും കുറയ്ക്കാനും മികച്ച ഉറക്കം നൽകാനും സഹായിക്കും.
3. ഫൈബർ
ഡാർക്ക് ചോക്ലേറ്റിൽ ചെറിയ അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന് ശേഷം രക്തത്തിൽ പെട്ടെന്ന് പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു. അതുകൊണ്ട് തന്നെ മറ്റ് മധുരപലഹാരങ്ങൾക്ക് പകരമായി ഇത് കഴിക്കാനാകും. കൂടാതെ ഫൈബർ ദഹനപ്രക്രിയ സുഗമമാക്കാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
4. ശ്രദ്ധിക്കേണ്ടത്
ഡാർക്ക് ചോക്ലേറ്റിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഇതിൽ കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ അളവ് കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. 70 ശതമാനമോ അതിൽ കൂടുതലോ കൊക്കോ അടങ്ങിയ ചോക്ലേറ്റ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.


