ആസ്ത്മയെ പേടിച്ച് പലരും നല്ല ആഹാരങ്ങള്‍ വരെ വര്‍ജിക്കുന്നത് കാണാറുണ്ട്. ശരിക്കും ആസ്ത്മയും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ? ഇത് ഓരോ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള കാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലര്‍ക്ക് തണുത്ത ഭക്ഷണം കഴിക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടാം. 

എന്തായാലും ആസ്‌‌ത്മയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ആസ്ത്മയുള്ളവർ പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിച്ചാൽ ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് മുന്‍പ് പാരീസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

ആസ്ത്മാരോഗം മുതല്‍ ശ്വാസകോശത്തെ വരെ സംരക്ഷിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ നോക്കാം. 

ഒന്ന്...

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നുപറയുന്നത് വെറുതേയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്ത്മ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. 

രണ്ട്...

വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര. ആസ്ത്മ രോഗികള്‍ക്ക് പൊട്ടാസ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കുറവുണ്ട്. അതിനാല്‍ ആസ്ത്മ രോഗികള്‍ ചീര കഴിക്കുന്നത്  നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു. 

മൂന്ന്...

മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ തിളപ്പിച്ച്​ തണുപ്പിച്ച ശേഷം കുടിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്​ത്മയ്ക്ക്​ ഇത്​ ഏറെ ഫലപ്രദമാണ്​. 

നാല്...

ഇഞ്ചി ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. ആസ്ത്മ രോഗികള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർക്കുക. അഞ്ച്​ മിനിറ്റിന് ശേഷം തണുക്കുമ്പോള്‍ വെള്ളം കുടിക്കാം. 

അഞ്ച്...

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് വാള്‍നട്ട്. ഇവയ്ക്ക് ആസ്ത്മയെ ചെറുത്തുനിര്‍ത്താനുളള കഴിവുമുണ്ട്. 

ആറ്...

തേൻ ആസ്​ത്മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീസ്​പൂൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ കഫം ഇല്ലാതാക്കാന്‍ സഹായിക്കും. 

Also Read: ഇന്ന് ലോക ആസ്ത്മ ദിനം; അറിയാം ലക്ഷണങ്ങളും പ്രതിരോധവും...

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

  • കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസര്‍വേറ്റീവ്സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങള്‍.
  • തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍.
  • മധുരപാനീയങ്ങൾ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനം വരെ പറയുന്നു. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.