Asianet News MalayalamAsianet News Malayalam

പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. 

foods for good dental health
Author
Thiruvananthapuram, First Published Jul 12, 2020, 9:58 AM IST

ദന്താരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള  കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്.

പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. പല്ലുകളെ സംരക്ഷിക്കുന്ന  'ഇനാമല്‍' എന്ന ആവരണത്തിന്‍റെ ആരോഗ്യത്തിനും അതുവഴി പല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്ന ചൊല്ല് ഇവിടെയും പറയാം. പല്ലുകളില്‍ 'ക്യാവിറ്റി' ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ നല്ലതാണ്. ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ (പ്ലാക്) നീക്കം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ആപ്പിള്‍ ദന്താരോഗ്യത്തിന് മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഏറേ നല്ലതാണ്. ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, വെള്ളരിക്ക തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഒപ്പം വിറ്റാമിന്‍ സി നിങ്ങളുടെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

മൂന്ന്...

പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ് സ്‌ട്രോബെറി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്. പല്ലുകള്‍ക്ക് നല്ല നിറം നല്‍കാനും ഇവ സഹായിക്കും.  പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന പഴം കൂടിയാണിത്. 

നാല്...

വിറ്റാമിനുകള്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ പഴം ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. പഴം കഴിക്കുന്നത് രോഗപ്രതിരോധശക്തി നേടാന്‍ മാത്രമല്ല പല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനും ഫലപ്രദമാണ്. പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വര്‍ധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്. 

അഞ്ച്...

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മധുര കിഴങ്ങും ദന്താരോഗ്യത്തിന് മികച്ചതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

ചീര, ബ്രൊക്കോളി, മറ്റു പച്ചിലക്കറികള്‍ എന്നിവ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,  'ഫോളിക് ആസിഡ്' എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ഏഴ്...

പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക്  ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും. 

എട്ട്... 

പല്ലുകളുടെ ആരോഗ്യത്തിന് പ്രധാന ധാതുക്കളായ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവ വളരെ അത്യാവശ്യമാണ്. ഇവയുടെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്. 

Also Read: മണ്‍സൂണ്‍ കാലത്തെ പ്രതിരോധശേഷി; ശ്രദ്ധിക്കാം ഈ ആറ് കാര്യങ്ങള്‍...


 

Follow Us:
Download App:
  • android
  • ios