ചിലർ പാലിനൊപ്പം മറ്റ് ഭക്ഷണങ്ങളും ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കാൻ സാധിക്കില്ല.

പാലിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. ചിലർ പാലിനൊപ്പം മറ്റ് ഭക്ഷണങ്ങളും ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കാൻ സാധിക്കില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.

പാലും സിട്രസ് പഴങ്ങളും

സാധാരണയായി ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ സിട്രസ് പഴങ്ങളിൽ അസിഡിറ്റി കൂടുതലാണ്. അതേസമയം പാൽ കുടിക്കുമ്പോൾ ദഹനം മന്ദഗതിയിലാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

പാലും മത്സ്യവും

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പാൽ ഉള്ള് തണുക്കാൻ നല്ലതാണ്. എന്നാൽ മത്സ്യം അങ്ങനെയല്ല. ഇത് ചൂട് നൽകുന്ന ഭക്ഷണമാണ്. ഇത് ചർമ്മ പ്രശ്നങ്ങളും അലർജിയും ഉണ്ടാവാൻ കാരണമാകുന്നു.

പാലും ഉപ്പ് ചേർന്ന ഭക്ഷണങ്ങളും

ഉപ്പിനോപ്പം പാൽ കുടിക്കുന്നത് ഒഴിവാക്കാം. ഇത് ശരീരത്തിൽ ചൂടും അസിഡിറ്റിയും ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ ഇത് ദഹനത്തേയും നന്നായി ബാധിക്കും. അതിനാൽ തന്നെ പാലിനൊപ്പം ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

പാലും പുളിയുള്ള ഭക്ഷണങ്ങളും

അച്ചാർ, വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ എന്നിവ പാലിനൊപ്പം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് ദഹനത്തെ തടയുകയും ഓക്കാനം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

പാലും മുട്ടയും

മിക്ക ആളുകളും പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നവരാണ്. എന്നാൽ ഇങ്ങനെ കഴിക്കുന്നത് നല്ല ദഹനത്തിന് തടസമാകുന്നു. അതിനാൽ തന്നെ ഇവ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം.