Asianet News MalayalamAsianet News Malayalam

പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികളെല്ലാം തന്നെ ജൈവികമായി ഉത്പാദിപ്പിച്ചവയാണെന്ന് ഉറപ്പുവരുത്തണം. രാസവള പ്രയോഗം നടത്തപ്പെട്ട ഫലങ്ങള്‍ പാകം ചെയ്യാതെ അങ്ങനെ തന്നെ കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. അതുപോലെ പ്രോസസ് ചെയ്ത ഭക്ഷണവും ഒഴിവാക്കുക. ഫ്രഷ് ആയി ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുക. ഫ്രഷ് അല്ല എങ്കില്‍ തീര്‍ച്ചയായും ഇവ പാകം ചെയ്യുന്നത് തന്നെയാണ് നല്ലത്

foods which should eat in raw manner
Author
Trivandrum, First Published Aug 1, 2021, 9:57 PM IST

മിക്കവാറും എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്താണ് കഴിക്കുന്നത്. എങ്കിലും ചില പച്ചക്കറികളും പയറുവര്‍ഗങ്ങളും മറ്റും നാം പാകം ചെയ്യാതെ കഴിക്കാറുണ്ട്. പച്ചയ്ക്ക് അരിഞ്ഞോ, സലാഡോ ജ്യൂസോ തയ്യാറാക്കിയോ, മുളപ്പിച്ചോ എല്ലാമാണ് ഇവ കഴിക്കുന്നത്. ഇങ്ങനെ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് വലിയ ആരോഗ്യഗുണങ്ങളുണ്ടെന്നും നമുക്കറിയാം. 

പാകം ചെയ്യാത്ത ഭക്ഷണം എന്ന് പറയുമ്പോഴും, 40 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ വരെ വേവിച്ചവയാണെങ്കിലും അതിനെയും പാകം ചെയ്യാത്ത ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തുന്നത്. അതായത്, പച്ചക്കറികളാണെങ്കിലും പയറുവര്‍ഗങ്ങളാണെങ്കിലും പച്ചയ്ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ രീതിയില്‍ പകുതി വേവിച്ചെടുത്ത ശേഷം കഴിക്കാവുന്നതാണ്. 

നന്നായി പാകം ചെയ്യുമ്പോള്‍ പല ഭക്ഷണസാധനങ്ങളിലെയും പോഷകങ്ങളും എന്‍സൈമുകളും നഷ്ടപ്പെട്ടുപോകുന്നുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് അവ പാകം ചെയ്യാതെ കഴിക്കുന്നത്. ഇത്തരത്തില്‍ പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട അഞ്ച് ഭക്ഷണസാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

എല്ലാ വീടുകളിലും അടുക്കളയില്‍ തീര്‍ച്ചയായും കാണപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി. 

 

foods which should eat in raw manner


മിക്കവാറും കറികളിലെ ഒരു ചേരുവയായിട്ടാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ഇത് പാകം ചെയ്യാതെ കഴിക്കുന്നതാണ് നല്ലത്. കരള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും അതുപോലെ ബിപി നിയന്ത്രിച്ചുനിര്‍ത്താനുമെല്ലാം ഉള്ളി ഏറെ സഹായകമാണ്. പലവിധ അണുബാധകളെ ചെറുക്കാനും ഉള്ളി ശരീരത്തെ സഹായിക്കുന്നുണ്ട്. 

രണ്ട്...

ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കാര്യമായി പാകം ചെയ്യാതെ സലാഡ് ആയോ, സൂപ്പില്‍ ചേര്‍ത്തോ എല്ലാം കഴിക്കുന്നതാണ് നല്ലത്. വൈറ്റമിന്‍- സി, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങി പല അവശ്യഘടകങ്ങളുടെയും കലവറയാണ് ബ്രൊക്കോളി. 

ഇതിന് പുറമെ ബിപി നിയന്ത്രണത്തിലാക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനുമെല്ലാം ഇതിന് കഴിവുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ പ്രായം കൂടുന്നതിന് അനുസരിച്ചുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ കുറയ്ക്കാനും, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം സഹായിക്കുന്നു.

മൂന്ന്...

വൈറ്റമിന്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിങ്ങനെ സുപ്രധാനമായ പല അവശ്യഘടകങ്ങളും അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. 

 

foods which should eat in raw manner

 

ഇവയ്ക്ക് പുറമെ ധാരാളം ഫൈബറും ഫോളേറ്റും ബീറ്റ്‌റൂട്ടിലടങ്ങിയിരിക്കുന്നു. ഇതും പരമാവധി ഫ്രഷ് ആയി കഴിക്കുന്നത് തന്നെയാണ് നല്ലത്. 

നാല്...

ഉള്ളിയെ കുറിച്ച് പറഞ്ഞതുപോലെ തന്നെ മിക്ക അടുക്കളകളിലെയും മറ്റൊരു പ്രധാന ചേരുവയാണ് തക്കാളി. ഇതും പച്ചയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പല ഗുണങ്ങള്‍ ശരീരത്തിന് നേടാവുന്നതാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന 'ലൈസോപീന്‍' അതുപോലെ മറ്റ് ആന്റി-ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമെല്ലാം സഹായകമാണ്. പ്രതിരോധ വ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും തക്കാളി സഹായകമാണ്. ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും തക്കാളി ഉത്തമമാണ്. 

അഞ്ച്...

ഏറ്റവും ആരോഗ്യകരമായ 'സ്‌നാക്‌സ്' ആണ് നട്ട്‌സ്. ദിവസവും മിതമായ അളവില്‍ നട്ട്‌സ് കഴിക്കുന്നവരില്‍ പല ആരോഗ്യപ്രശ്‌നങ്ങളും കാണാനാകില്ല. പരമാവധി റോസ്റ്റഡ് നട്ട്‌സ് ഒഴിവാക്കി, നട്ട്‌സ് 'റോ' ആയി തന്നെ കഴിക്കുന്നതാണ് നല്ലത്. നട്ട്‌സ് പാകം ചെയ്യുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍, മഗ്നീഷ്യം പോലുള്ള ഘടകങ്ങളിലെല്ലാം നഷ്ടം സംഭവിക്കുന്നു. 

 

foods which should eat in raw manner


അതുപോലെ റോസ്റ്റ് ചെയ്യാനുപയോഗിക്കുന്ന ഓയില്‍ ഇതിന്റെ കലോറി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

ശ്രദ്ധിക്കേണ്ടത്...

പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികളെല്ലാം തന്നെ ജൈവികമായി ഉത്പാദിപ്പിച്ചവയാണെന്ന് ഉറപ്പുവരുത്തണം. രാസവള പ്രയോഗം നടത്തപ്പെട്ട ഫലങ്ങള്‍ പാകം ചെയ്യാതെ അങ്ങനെ തന്നെ കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. അതുപോലെ പ്രോസസ് ചെയ്ത ഭക്ഷണവും ഒഴിവാക്കുക. ഫ്രഷ് ആയി ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുക. ഫ്രഷ് അല്ല എങ്കില്‍ തീര്‍ച്ചയായും ഇവ പാകം ചെയ്യുന്നത് തന്നെയാണ് നല്ലത്. 

Also Read:- ചര്‍മ്മം സുന്ദരമാക്കാന്‍ ഈ പാനീയങ്ങൾ കുടിക്കാം

Follow Us:
Download App:
  • android
  • ios