പതിവായി നേന്ത്രപ്പഴമോ അല്ലെങ്കില്‍ ചെറുപഴമോ വാങ്ങിക്കാത്ത വീടുകള്‍ വളരെ കുറവായിരിക്കും. ആരോഗ്യത്തിന് നിരവധി ഗുണങ്ങളേകുന്ന ഒരു ഫലമാണ് പഴം. അതുകൊണ്ടുതന്നെ മിക്കവാറും വീടുകളിലും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ കഴിക്കുന്നതുമാണിത്. എന്നാല്‍ വാങ്ങിക്കൊണ്ട് വന്ന് നാല് ദിവസത്തിനുള്ളില്‍ പഴുപ്പ് അധികമായി കറുത്തുപോവുകയും അതോടെ അവസാനത്തെ ഒന്നോ രണ്ടോ മൂന്നോ പഴങ്ങള്‍ ആര്‍ക്കും വേണ്ടാതെ ബാക്കിയാവുകയും ചെയ്യുന്നതും പലയിടങ്ങളിലും പതിവാണ്.

ഇത്തരം സാഹചര്യങ്ങളില്‍ പഴം ഉപയോഗിക്കാതെ കളയുന്നതിന് പകരം എന്തെല്ലാം ചെയ്യാമെന്ന് ചിന്തിച്ചിട്ടുണ്ടോ?  ഇതാ, നാല് വിഭവങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അമിതമായി പഴുത്ത പഴമുപയോഗിച്ച് രുചികരമായി തയ്യാറാക്കാവുന്നത്.

ഒന്ന്...

ഒന്നാമതായി പറയുന്ന വിഭവം എല്ലാവര്‍ക്കും പരിചയമുള്ളത് തന്നെയായിരിക്കും. വേറൊന്നുമല്ല, പഴം മാവില്‍ മുക്കി പൊരിച്ചെടുക്കുന്നത് തന്നെ. അമിതമായി പഴുത്ത പഴമാണെന്ന് കരുതി, ഇത് പൊരിച്ചെടുക്കുമ്പോള്‍ ഒരു പ്രശ്‌നവും വരില്ല. പഴം കുഴഞ്ഞുപോയിരിക്കുന്നതിനാല്‍ മൈദ ചേര്‍ക്കാതെ അരിമാവ് മാത്രം ചേര്‍ത്ത് പൊരിച്ചെടുത്താല്‍ മതി. അപ്പോള്‍ പുറമേക്ക് നല്ല 'സ്റ്റിഫ്' ആയിരിക്കുകയും ചെയ്യും. നേന്ത്രപ്പഴമാണ് ഇതിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.

രണ്ട്...

പഴുപ്പ് അല്‍പം 'ഓവര്‍' ആയിപ്പോയ നേന്ത്രപ്പഴം കൊണ്ട് നല്ല കിടിലന്‍ 'സ്മൂത്തി' തയ്യാറാക്കാവുന്നതാണ്. വെറുതെ പാലും അല്‍പം പഞ്ചസാരയും ചേര്‍ത്ത് ഈ പഴം നന്നായി അടിച്ചെടുക്കുക. ആവശ്യമെങ്കില്‍ ബട്ടറോ തേനോ ഒക്കെ ഇതിലേക്ക് ചേര്‍ക്കാം. അതുപോലെ നെയ്യില്‍ മൂപ്പിച്ചെടുത്ത നട്ട്‌സ്, കിസ്മിസ്, അതല്ലെങ്കില്‍ ഒരിപിടി എള്ള് എന്തെങ്കിലും ചേര്‍ക്കാം.

മൂന്ന്...

'ഈവനിംഗ് സ്‌നാക്ക്' ആയി ചെയ്യാന്‍ പറ്റുന്ന ഒരു വിഭവത്തെക്കുറിച്ചാണ് ഇനി പറയുന്നത്. പഴുപ്പേറിയ പഴം നന്നായി ഉടച്ചെടുത്ത് അത് കഷ്ണങ്ങളായി മുറിച്ചുവച്ച ബ്രഡില്‍ തേച്ചുപിടിപ്പിക്കുക. ഇനിയിത് ഒരു പാനില്‍ നെയ് ചൂടാക്കിയ ശേഷം ചെറുതീയില്‍ ഒന്ന് മൊരിയിച്ചെടുക്കാം. കുട്ടികള്‍ക്കെല്ലാം വളരെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള പലഹാരമാണിത്.

നാല്...

പഴുപ്പ് കയറിയ ചെറുപഴമുപയോഗിച്ച് നമുക്ക് മറ്റൊരു 'സ്‌നാക്ക്' കൂടി പരീക്ഷിക്കാം. പഴം നന്നായി ഉടച്ചെടുക്കുക. ശേഷം അരിപ്പൊടി, അല്‍പം മൈദപ്പൊടി, ഉപ്പ് തേങ്ങ എന്നിവയില്‍ പഴം കൂടി ചേര്‍ത്ത് ഉരുള ഉരുട്ടാന്‍ പാകത്തില്‍ ആക്കിയെടുക്കുക. ഇത് ഉരുട്ടിവച്ച ശേഷം വെളിച്ചെണ്ണയില്‍ 'ഡീപ് ഫ്രൈ' ചെയ്‌തെടുക്കാം. ആവശ്യമെങ്കില്‍ അല്‍പം ഏലയ്ക്കാപ്പൊടിയോ ജീരകപ്പൊടിയോ ചേര്‍ക്കാവുന്നതാണ്. അതല്ലെങ്കില്‍ കാഷ്യൂ, കിസ്മിസ് പോലുള്ളവയും ചേര്‍ക്കാം.