ഗ്രീന്‍ ടീ, വിവിധ ആരോഗ്യഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഏറെ പേര് കേട്ട ഒരു പാനീയമാണ്. മിക്കവാറും ഗ്രീന്‍ ടീ, പതിവാക്കുന്നവര്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. ഈ ഒരു ഗുണമാണ് ഗ്രീന്‍ ടീയുടേതായി പരക്കെ അറിയപ്പെടുന്നതും. 

എന്നാല്‍ വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, അതുവഴി വേറെയും ലാഭങ്ങള്‍ ഗ്രീന്‍ ടീ ഉപയോഗം കൊണ്ടുണ്ടെന്നാണ് വിവിധ പഠനങ്ങള്‍ സ്ഥാപിക്കുന്നത്. പതിവായി ഗ്രീന്‍ ടീ കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ക്രമേണ കുറഞ്ഞുവരുന്നു. അതോടെ അമിതവണ്ണത്തിനുള്ള സാധ്യതകളില്ലാതാകുന്നു. 

ഇത് പല പ്രയോജനവും ശരീരത്തിന് ചെയ്യുന്നുണ്ട്. അതിലൊന്നാണ് 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' രോഗത്തെ ചെറുക്കാനാകുന്നു എന്നത്. അതായത്, ഫാറ്റി ലിവര്‍ (കരള്‍വീക്കം) രണ്ട് തരത്തലുണ്ട്. 'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍'ഉം 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍'ഉം. 

'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' പേര് സൂചിപ്പിക്കും പോലെ തന്നെ, ആല്‍ക്കഹോള്‍ അമിതമായി ഉപയോഗിക്കുന്നവരിലാണ് പിടിപെടുന്നത്. 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' ആകട്ടെ, പല കാരണങ്ങള്‍ മുഖേനയും ഉണ്ടാകാം. ഇതിലെ പ്രധാനപ്പെട്ട കാരണമാണ് അമിതവണ്ണം, അല്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാഹചര്യം. 

ഈ സാധ്യതയെയാണ് ഗ്രീന്‍ ടീ ഇല്ലാതാക്കുന്നത്. ഗ്രീന്‍ ടീയും ഒപ്പം വ്യായാമവും കൂടിയുണ്ടെങ്കില്‍ അമിതവണ്ണത്തിന്റെ ഭാഗമായി വരുന്ന കരള്‍വീക്കത്തിനുള്ള സാധ്യതയെ 75 ശതമാനത്തോളം ഇല്ലാതാക്കാമെന്നാണ് 'ജേണല്‍ ഓഫ് ന്യൂട്രീഷണല്‍ ബയോകെമിസ്ട്രി' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2015ല്‍ നടന്ന മറ്റൊരു പഠനവും ഇതേ അനുമാനത്തെ ശരിവയ്ക്കുന്നു. 

കാര്യങ്ങളിങ്ങനെയെല്ലാം ആണെങ്കില്‍ ഗ്രീന്‍ ടീയിലും മിതത്വം പാലിക്കേണ്ടതുണ്ട്. ദിവസത്തില്‍ പരമാവധി 2- 3 കപ്പ് ഗ്രീന്‍ ടീയേ കഴിക്കാവൂ. പഞ്ചസാരയുടെ ഉപയോഗം വേണ്ടെന്ന് വയ്ക്കുന്നതാണ് ഉചിതവും.

Also Read:- മുഖത്തെ കരുവാളിപ്പ് മാറ്റാം; ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ...