സ്‌ട്രോബെറി എല്ലാ സമയത്തും സുലഭമായി ലഭിക്കുന്ന ഫലമല്ല. മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആന്‍റിഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​.  നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഹൃദയാരോഗ്യത്തിന്...

ഹൃദയത്തിന്‍റെ ആകൃതിയിലുളള  സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി വളരെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് തന്നെ ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. മൂന്ന്, നാല് സ്‌ട്രോബെറിയില്‍ 51.5 മില്ലീഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദിവസവും വേണ്ട വൈറ്റമിന്‍ സിയുടെ പകുതിയായി. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതില്‍ വൈറ്റമിന്‍ സി മുഖ്യപങ്കു വഹിക്കുന്നു.

തടി കുറയ്ക്കാം...

തടി കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത മധുരമായതു കൊണ്ട് ഡയബെറ്റിസിനെ ഭയക്കുകയും വേണ്ട. അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നീ രണ്ട് പ്രധാന ഹോർമോണുകളുടെ ഉത്പാദനം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 100 ​ഗ്രാം സ്ട്രോബെറിയിൽ 33 കലോറിയാണ് അടങ്ങിയിട്ടുള്ളത്. 

 ഗര്‍ഭിണികള്‍ക്ക് നല്ലത്...

ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് നല്ലതാണ്. ഇത് സ്‌ട്രോബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട ഒരു ഫലമാണിതെന്ന് ചുരുക്കം.

വാതം, സന്ധിവേദന തടയാം...

വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റൊകെമിക്കലുകള്‍ എന്നിവ സന്ധികളില്‍ നീരും പഴുപ്പും വരുന്നത് തടയും.

രക്തസമ്മര്‍ദം നിയന്ത്രിക്കും...

രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും സ്ട്രോബറി ഏറെ ഗുണം ചെയ്യും. സ്ട്രോബറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.