തണുപ്പുകാലത്ത് പനിയും തൊണ്ട വേദനയുമൊക്കെ വരുന്നത് സാധാരണമാണ്. അസുഖങ്ങൾ ഭേദമാക്കാനും പ്രതിരോധ ശേഷി കൂട്ടാനും വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചേരുവകൾ ഇതാണ്.
തണുപ്പുകാലം എത്തിയാൽ പിന്നെ പനിയും ചുമയും തുടങ്ങി പലതരം അസുഖങ്ങൾ നമുക്ക് വരുന്നു. ചെറിയ രീതിയിലുള്ള പനി ആണെങ്കിൽ പോലും അതുമായി ബന്ധപ്പെട്ട് തൊണ്ട വേദന, ജലദോഷം, ചുമ എന്നിവ ഉണ്ടാകുന്നു. ഇത് നമ്മെ കാര്യമായി തന്നെ ബുദ്ധിമുട്ടിക്കുമെന്നതാണ് മറ്റൊരു വസ്തുത. എന്നാൽ വീട്ടിൽ തന്നെ ഇതിനുള്ള മരുന്നുകൾ സിംപിളായി തയാറാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.
പ്രതിരോധ ശേഷി കൂട്ടാൻ തുളസി
തുളസിയിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പനി, ചുമ എന്നിവയ്ക്ക് ബെസ്റ്റാണ് തുളസി. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുകയും അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വെറുതെയോ ചായ, കാപ്പി എന്നിവയിലോ ഇട്ടുകുടിക്കാവുന്നതാണ്.
തൊണ്ട വേദനയ്ക്കും ചുമയ്‌ക്കും തേൻ
തേനിൽ ആന്റിമൈക്രോബിയൽ ഏജന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമയ്‌ക്കും തൊണ്ട വേദനയ്ക്കും നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് ഒരു ടീസ്പൂൺ തേൻ കുടിക്കാം. കുരുമുളക്, ഇഞ്ചി നീര് എന്നിവയ്‌ക്കൊപ്പം ചേർത്തും ഇത് കഴിക്കാവുന്നതാണ്. കൂടാതെ ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്താനും ഇതിന് സാധിക്കും.
തലവേദനയ്ക്ക് നീളമുള്ള കുരുമുളക്
പനി, ചുമ, തലവേദന തുടങ്ങിയവയ്ക്ക് ഈ ഇനം കുരുമുളക് കഴിക്കുന്നത് നല്ലതാണ്. പൊടിച്ച കുരുമുളക് തേനിൽ ചേർത്ത് ദിവസവും കഴിക്കാം. ഇത് ശ്വാസതടസങ്ങൾ മാറാനും നല്ലതാണ്. കൂടാതെ നല്ല ദഹനം ലഭിക്കാനും, വീക്കം തടയാനും ഈ കുരുമുളക് സഹായിക്കുന്നു.
ചുമയ്ക്ക് ഉണക്കിയ ഇഞ്ചി
ഇഞ്ചിയിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തേനിൽ ചേർത്ത് കഴിക്കാവുന്നതാണ്. തൊണ്ട വേദന, ചുമ എന്നിവയ്ക്ക് ആശ്വാസമേകാൻ ഇഞ്ചിക്ക് സാധിക്കും.
പനിക്ക് കറുവപ്പട്ട
ഇതിൽ ആന്റി വൈറൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നന്നായി പൊടിച്ചെടുത്ത കറുവപ്പട്ട തേനിൽ ചേർത്ത് കഴിക്കാവുന്നതാണ്. കടുത്ത പനി, തൊണ്ട വേദന എന്നിവയ്ക്കെതിരെ പോരാടാൻ ഇതിന് സാധിക്കും.


