Asianet News MalayalamAsianet News Malayalam

മാമ്പഴക്കാലമല്ലേ, രുചികരമായ കുല്‍ഫി തയ്യാറാക്കാം വീട്ടില്‍ തന്നെ; ഈസി റെസിപ്പിയുമായി വീഡിയോ

മിനുറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്ന, രുചികരമായ ഒരു കുല്‍ഫി റെസിപ്പി ഇനിയൊന്ന് പഠിച്ചോളൂ. മാമ്പഴം വച്ചാണ് ഇത് തയ്യാറാക്കുന്നത്. തീര്‍ച്ചയായും ഓരോരുത്തരും ഇത് പരീക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രയും കുറവ് ചേരുവകളും തയ്യാറാക്കാന്‍ എളുപ്പവുമാണിത്
 

here is the easy recipe of mango kulfi
Author
Trivandrum, First Published Apr 14, 2021, 6:59 PM IST

മാമ്പഴക്കാലമായാല്‍ മാമ്പഴം കൊണ്ടുണ്ടാക്കുന്ന പല തരം വിഭവങ്ങളുണ്ടായിരിക്കും ഓരോ വീടുകളിലും, അല്ലേ? മാമ്പഴം കൊണ്ടുണ്ടാക്കുന്ന ജ്യൂസുകള്‍, കറികള്‍, ഷേക്ക്, ലസ്സി, ഐസ്‌ക്രീം, പുഡിംഗ് -ഇങ്ങനെ മാമ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളൊത്തിരിയുണ്ട്. 

എന്നാല്‍ അധിക വീടുകളിലും പൊതുവേ തയ്യാറാക്കാത്തൊരു മാമ്പഴ വിഭവമാണ് കുല്‍ഫി. ഐസ്‌ക്രീം- ഷേക്ക് ആരാധകര്‍ക്കെല്ലാം തന്നെ ഇഷ്ടമായിരിക്കും കുല്‍ഫിയും. എന്നാല്‍ എങ്ങനെയാണ് ഇത് തയ്യാറാക്കുകയെന്ന് മിക്കവരും അന്വേഷിക്കാറില്ല. അതുകൊണ്ട് തന്നെയാണ് നമ്മുടെ വീടുകളില്‍ അധികവും കുല്‍ഫി തയ്യാറാക്കാത്തതും. 

എന്നാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്ന, രുചികരമായ ഒരു കുല്‍ഫി റെസിപ്പി ഇനിയൊന്ന് പഠിച്ചോളൂ. മാമ്പഴം വച്ചാണ് ഇത് തയ്യാറാക്കുന്നത്. തീര്‍ച്ചയായും ഓരോരുത്തരും ഇത് പരീക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രയും കുറവ് ചേരുവകളും തയ്യാറാക്കാന്‍ എളുപ്പവുമാണിത്. 

'കുക്ക് വിത്ത് പരുള്‍' എന്ന യൂട്യൂബ് ഫുഡ് ചാനലാണ് ഈ 'ഈസി മെയ്ഡ്' മാംഗോ കുല്‍ഫിയുടെ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. ആറ് സ്റ്റെപ്പുകളിലായാണ് 'മാംഗോ കുല്‍ഫി' തയ്യാറാക്കുന്നത്. 

ആദ്യത്തെ സ്റ്റെപ്പില്‍ നന്നായി പഴുത്ത രണ്ട് മാമ്പഴമെടുത്ത് അത് കഴുകി വൃത്തിയാക്കി, തൊലി കളഞ്ഞ് മുറിച്ച് കഷ്ണങ്ങളാക്കുക. രണ്ടാമത്തെ സ്റ്റെപ്പില്‍ മുറിച്ചുവച്ച മാമ്പഴം മികിസി ജാറിലിട്ട് അരച്ചെടുക്കാം. മൂന്നാം ഘട്ടത്തില്‍ ഇതിലേക്ക് ഒരു നുള്ള് ഉപ്പ്, അല്‍പം മലായ്, അല്ലെങ്കില്‍ ഫ്രഷ് ക്രീം, കണ്‍ഡന്‍സ്ഡ് മില്‍ക്ക് അല്ലെങ്കില്‍ ഷുഗര്‍ പൗഡര്‍, പാല്‍പ്പൊടി (ആവശ്യമെങ്കില്‍ മതി), നുള്ള് ഏലയ്ക്കാ പൊടി എന്നിവ ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിക്കുക. 

നാലാമത്തെ സ്റ്റെപ്പില്‍ ഈ ബാറ്റര്‍ കുല്‍ഫി മോള്‍ഡിലേക്കോ, പേപ്പര്‍ കപ്പിലേക്കോ, ഡെസര്‍ട്ട് കപ്പിലേക്കോ അല്ലെങ്കില്‍ സ്റ്റീല്‍- ചില്ല് ഗ്ലാസിലേക്കോ മാറ്റുക. ചെറിയ മാമ്പഴക്കഷണങ്ങള്‍ വച്ചോ നട്ട്‌സ് വച്ചോ മുകള്‍ഭാഗം ഗാര്‍ണിഷ് ചെയ്യാം. നടുക്കായി ദ്വാരമുണ്ടാക്കി ഐസ്‌ക്രീ സ്റ്റിക്ക് വയ്ക്കാം. ഇനി ഇതിന്റെ വായ്ഭാഗം അലുമിനിയം ഫോയിലോ മറ്റോ ഉപയോഗിച്ച് നന്നായി അടച്ചുവയ്ക്കാം. 

അഞ്ചാമത്തെ സ്‌റ്റെപ്പ് കുല്‍ഫി തണുപ്പിക്കലാണ്. അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ ഇതിനായി കുല്‍ഫി ഫ്രീസ് ചെയ്യാം. ആറാം ഘട്ടമാകുമ്പോഴേക്ക് കുല്‍ഫി കഴിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഫ്രീസറില്‍ നിന്ന് ഇത് പുറത്തെടുത്ത ഉടനെ തന്നെ ഗ്ലാസില്‍ നിന്ന് ഇളക്കിയെടുക്കാന്‍ ശ്രമിക്കരുത്. റൂം താപനിലയില്‍ അല്‍പനേരം വയ്ക്കുകയോ, അല്ലെങ്കില്‍ സാധാരണ പച്ചവെള്ളത്തില്‍ അല്‍പനേരം ഇറക്കിവയ്ക്കുകയോ അതുമല്ലെങ്കില്‍ കയ്യില്‍ വച്ച് ഒന്ന് നന്നായി 'റബ്' ചെയ്തതിനോ ശേഷം മാത്രം കുല്‍ഫി ഇളക്കിയെടുക്കുക. 

വളരെ രുചികരവും ആരോഗ്യകരവുമായ 'മാംഗോ കുല്‍ഫി' ആര്‍ക്കും ഇഷ്ടമാകും. ഇനി 'കുക്ക് വിത്ത് പരുള്‍' പങ്കുവച്ച വീഡിയോ കൂടി കാണാം...

വീഡിയോ...

Also Read:- വേനലിന് യോജിക്കുന്ന തരത്തില്‍ 'ഇമ്മ്യൂണിറ്റി' വര്‍ധിപ്പിക്കാം; അറിയാം ഈ നാല് പാനീയങ്ങളെ കുറിച്ച്...

Follow Us:
Download App:
  • android
  • ios